walayar-case

കോളിളക്കം സൃഷ്ടിക്കുന്ന ക്രിമിനൽ കേസുകളിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പ് വിദഗ്ദ്ധ നിയമോപദേശം തേടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. വളരെ നല്ലതും നേരത്തെ ചെയ്യേണ്ടിയിരുന്നതുമായ കാര്യമാണത്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ കോടതിയിൽ കേസുമായി എത്തിയാൽ ഉണ്ടാകാവുന്ന പുലിവാലുകളെക്കുറിച്ച് നല്ലവണ്ണം മനസിലാക്കിയതുകൊണ്ടാകാം വൈകി ഉദിച്ച ഈ വിവേകം. ക്രിമിനൽ കേസുകളിലെ കുറ്റപത്രം കുറ്റമറ്റതല്ലെങ്കിൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ല. ക്രിമിനൽ കേസുകളിൽ മാത്രമല്ല സർക്കാർ വാദിയായ മറ്റു കേസുകൾക്കും ഇതു ബാധകമാണ്. അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കുന്ന കേസുകളുടെ പരമ്പര തന്നെ പഴയ പട്ടിക പരിശോധിച്ചാൽ കാണാം. ഒത്തുകളിയിലൂടെ പൊതുമുതൽ നഷ്ടപ്പെടുത്തിയതിന്റെ കഥകളും ഏറെ കേൾക്കാറുള്ളതാണ്. ക്രിമിനൽ കേസുകളിലാകട്ടെ ദുർബലമായ കുറ്റപത്രവും അത് ആധാരമാക്കി നടക്കുന്ന വിചാരണയും പലപ്പോഴും പ്രതികൾക്ക് അനുകൂലമായി ഭവിക്കുകയാണ് പതിവ്. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ഏറ്റവും ഒടുവിൽ വാളയാർ കേസിലും അതു സംഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സംഭവങ്ങളിൽ സമഗ്രമായ തയ്യാറെടുപ്പിനുശേഷം മാത്രമേ കോടതിയിൽ അന്തിമ റിപ്പോർട്ടുമായി പോകാവൂ എന്ന് സർക്കാർ പൊലീസിന് നിർദ്ദേശം നൽകുന്നത്.

പതിമൂന്നും പതിനൊന്നും വയസുള്ള ദളിത് ബാലികമാർ പീഡനത്തിനിരയാവുകയും മൂന്നുമാസത്തെ ഇടവേളയിൽ ഇരുവരുടെയും ജഡങ്ങൾ തൂങ്ങിനിൽക്കുന്ന നിലയിൽ കാണുകയും ചെയ്ത സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ മുഴുവൻ പ്രതികളെയും പോക്സോ കോടതി വിട്ടയയ്ക്കുകയാണുണ്ടായത്. ഇതുപോലെ അശ്രദ്ധവും നിരുത്തരവാദപരമായും കൈകാര്യം ചെയ്ത ഒരു കേസ് സംസ്ഥാനത്ത് വേറെ ഉണ്ടാവില്ലെന്നാണ് ഈയടുത്ത ദിവസം കീഴ്‌ക്കോടതി വിധി അസ്ഥിരപ്പെടുത്തി പുനർവിചാരണയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി നിരീക്ഷിച്ചത്. ആദ്യം കേസ് അന്വേഷിച്ച എസ്.ഐ മുതൽ ഡിവൈ.എസ്.പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരും കോടതിയിൽ കേസ് വാദിച്ച പ്രോസിക്യൂട്ടർമാരും മാത്രമല്ല പോക്സോ കോടതി ജഡ്‌ജി പോലും ഇതുപോലൊരു കേസിൽ കാണിക്കേണ്ട ഗൗരവം കാണിച്ചില്ലെന്ന ഹൈക്കോടതിയുടെ കുറ്റപ്പെടുത്തൽ സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു.

വാളയാർ കേസിൽ സർക്കാർ ജഡ്‌ജി പി.കെ. ഹനീഫയെ അന്വേഷണ കമ്മിഷനായി നിയമിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ ഹർജിയിൽ വിധി വരുന്നതിനു മുൻപ് ഹനീഫാ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് വിവാദ കേസുകളിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപ് വിദഗ്ദ്ധ നിയമോപദേശം തേടാൻ അന്വേഷണ സംഘത്തിന് അനുമതി നൽകാനുള്ള സർക്കാർ തീരുമാനം. പ്രോസിക്യൂട്ടർമാരെ കേസ് ചുമതല ഏല്പിക്കുന്നതിലും വേണ്ടത്ര ജാഗ്രത പുലർത്തണം. ക്രിമിനൽ കേസുകൾ വാദിക്കുന്നതിൽ പ്രാവീണ്യമുള്ള പ്രോസിക്യൂട്ടർമാരുടെ പട്ടിക തയ്യാറാക്കി അതിൽ നിന്നുവേണം വിവാദ കേസുകൾ വാദിക്കാനുള്ളവരെ കണ്ടെത്താൻ. സെഷൻസ് ജഡ്‌ജിമാരുടെ സഹായത്തോടെയാകും ഇവരുടെ പട്ടിക തയ്യാറാക്കുന്നത്. കഴിവും പ്രാഗത്ഭ്യവുമുള്ള പ്രോസിക്യൂട്ടർമാരെ സെഷൻസ് ജഡ്‌ജിമാർക്ക് എളുപ്പം ചൂണ്ടിക്കാണിക്കാനാകും. സെഷൻസിൽ സ്ഥിരമായി ഹാജരാകുന്ന പബ്ളിക് പ്രോസിക്യൂട്ടർമാർക്ക് രണ്ടുമാസത്തെ പരിശീലനം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമൂഹമനസാക്ഷിയെ വല്ലാതെ മുറിപ്പെടുത്തുന്ന കേസുകളിൽ നീതിപൂർവകവും സ്വതന്ത്രവുമായ അന്വേഷണവും വിചാരണയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ധർമ്മമാണ്. പ്രതികളുടെ ചുറ്റുപാടുകളോ ഉന്നതബന്ധങ്ങളോ ഒന്നും കേസിന്റെ സ്വതന്ത്രമായ നടത്തിപ്പിന് വിഘാതമായിക്കൂടാ. തെളിവുകൾ പരമാവധി ശേഖരിച്ച് പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള ഉത്തരവാദിത്വം പോലെ തന്നെ പ്രധാനമാണ് കോടതിയിൽ കേസിന്റെ വിചാരണയും. ഈ രണ്ടു വിഭാഗങ്ങളും ഒരുപോലെ പരാജയപ്പെട്ടതാണ് വാളയാർ കേസിൽ വൻ തിരിച്ചടിക്കു കാരണമായത്. പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ ചുമതലപ്പെട്ട പൊലീസും പ്രോസിക്യൂട്ടർമാരും ഫലത്തിൽ അവരുടെ മോചനം ഉറപ്പാക്കും വിധത്തിലാണ് കേസ് കൈകാര്യം ചെയ്തത്. ജുഡീഷ്യൽ കമ്മിഷന്റെ ശുപാർശ പ്രകാരം എസ്.ഐയെ സ്ഥിരമായി അന്വേഷണ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. അതുപോലെ കേസ് വാദിക്കുന്നതിൽ ഗുരുതരവീഴ്ച വരുത്തിയ രണ്ട് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാരെ സെഷൻസ് കോടതികളിൽ സർക്കാർ കേസുകൾ വാദിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ചെറിയ ശിക്ഷാ നടപടികൾ കൊണ്ടൊന്നും നേരെയാകുന്നതല്ല സർക്കാർ കേസ് നടത്തിപ്പിലെ ഗുരുതരമായ പാകപ്പിഴകൾ. കാലാകാലങ്ങളായി കണ്ടുവരുന്ന ഇത്തരം ദുഷ്‌പ്രവണതകൾ നിയന്ത്രിക്കുന്നതിന് ഉത്തരവാദപ്പെട്ടവരുടെ മേൽനോട്ടം സദാ ഉണ്ടെന്നു ഉറപ്പുവരുത്തുകയാണു വേണ്ടത്.

വാളയാർ കേസിൽത്തന്നെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ സന്നദ്ധത പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ നടപടിക്രമത്തിലെ വീഴ്ച ഇപ്പോഴാണ് ബോദ്ധ്യപ്പെട്ടത്. അന്വേഷണത്തിന് സർക്കാർ നേരിട്ടു വിജ്ഞാപനമിറക്കുന്നതിലെ വീഴ്ച സർക്കാർ ശമ്പളം പറ്റുന്ന നിയമവിദഗ്ദ്ധരാരും തന്നെ ചൂണ്ടിക്കാട്ടിയില്ലെന്നത് ശ്രദ്ധേയമാണ്. കോടതിയെ സമീപിച്ചാണ് അതിനുള്ള ഉത്തരവ് വാങ്ങേണ്ടത്. എല്ലാറ്റിനും ചട്ടവും നിയമവുമൊക്കെ ഉള്ളപ്പോൾ അതൊന്നും നോക്കാതെ തീരുമാനമെടുത്താലുണ്ടാകാവുന്ന ബുദ്ധിമുട്ട് സർക്കാരിനും അറിയാത്തതല്ല. ആവശ്യത്തിലേറെ ഉപദേശകരും നിയമ വകുപ്പുമൊക്കെ ഉണ്ടായിട്ടും ആവശ്യമുള്ള സന്ദർഭങ്ങളിൽ അതൊന്നും ഉപകാരപ്പെടാതെ പോവുകയാണ്.