സൗരയൂഥത്തിന് പുറത്ത് മറഞ്ഞിരുന്നു ഒരു അജ്‌ഞാത ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അസാധാരണമാം വിധം ചൂട് കൂടിയ പാറക്കെട്ടുകൾ നിറഞ്ഞ ഈ 'സൂപ്പർ എർത്തി"നെ നമ്മുടെ സൗരയൂഥം സ്ഥിതി ചെയ്യുന്ന ഗ്യാലക്സിയായ ക്ഷീരപഥത്തിലെ പ്രായം കൂടിയ ഒരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്ന നിലയിലാണ് കണ്ടെത്തിയത്. TOI - 561b എന്ന് പേരിട്ടിരിക്കുന്ന ഈ എക്സോ പ്ലാനറ്റ് ക്ഷീരപഥത്തിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കംചെന്നവയിൽ ഒന്നാണ്.
സൗരയൂഥത്തിന് (Solar system) പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം 'എക്സോ പ്ലാനറ്റ് ' എന്ന് പറയുന്നത്. 3,000ത്തിലധികം എക്സോ പ്ലാനറ്റുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നാസയുടെ ട്രാൻസിസ്റ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് ആണ് ഈ ഗ്രഹത്തെ കണ്ടെത്താൻ ഗവേഷകരെ സഹായിച്ചത്. സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 2018ൽ ട്രാൻസിസ്റ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റിനെ നാസ വിക്ഷേപിച്ചത്. ഭൂമിയെ കൂടാതെ ജീവന് അനുകൂല സാഹചര്യമുള്ള ഗ്രഹങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഭൂമിയിലെ ഒരു ദിവസ കാലയളവിനുള്ളിൽ ഈ ഗ്രഹം തന്റെ മാതൃ നക്ഷത്രത്തെ രണ്ട് തവണ പരിക്രമണം ചെയ്യുന്നതായി യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിലെ ഗവേഷകനായ സ്റ്റീഫൻ കെയ്ൻ പറയുന്നു. ഭൂമിയെക്കാൾ മൂന്നിരട്ടി പിണ്ഡമുള്ള ഗ്രഹത്തിന് പക്ഷേ, ഭൂമിയ്ക്ക് സമാനമായ സാന്ദ്രതയാണുള്ളത്. 3,140 ഫാരൻഹീറ്റാണ് ഗ്രഹത്തിന്റെ ശരാശരി ഉപരിതല താപനില. ഈ താപനിലയിൽ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് അതിജീവിക്കാൻ കഴിയില്ല. ക്ഷീരപഥത്തിലെ ആദിമ നക്ഷത്രങ്ങൾ ഉടലെടുത്ത സമയത്താണ് ഈ ഗ്രഹവും ഉണ്ടായതെന്ന് കരുതുന്നു. ഏകദേശം 10 ബില്യൺ വർഷമാണ് ഗവേഷകർ കണക്കാക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 280 പ്രകാശവർഷം അകലെയാണ് TOI - 561b.