vasantha

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രാജൻ, അമ്പിളി ദമ്പതികളുടെ ആത്മഹത്യക്കിടയാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വീണ്ടും വഴിത്തിരിവ്. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം വസന്തയ്ക്ക് ലഭിച്ചതിൽ ചട്ടലംഘനം നടന്നതായി ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇതേതു‌ടർന്ന് പോക്കുവരവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിന്

ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ് നിർദ്ദേശം നൽകി.

ലക്ഷംവീട് പട്ടയഭൂമിയാണ് വസന്തയുടെ കൈവശമെത്തിയതെന്ന് തഹസിൽദാർ കണ്ടെത്തിയിരുന്നു. വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് പരിശോധിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. രാജൻ ഈ ഭൂമി കൈയേറിയതാണെന്നും സഹസീൽദാർ റിപ്പോർട്ട് ചെയ്തിരുന്നു.ഇതേതുടർന്നായിരുന്നു ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണം.

ലക്ഷം വീട് പദ്ധതിക്കായി അതിയന്നൂർ പഞ്ചായത്ത് വാങ്ങിയ ഭൂമിയിൽ മൂന്ന് സെന്റിന് സുകുമാരൻ നായർ എന്ന വ്യക്തിക്ക് 1989ൽ ആദ്യ പട്ടയം ലഭിച്ചു. ലക്ഷംവീട് പട്ടയ ഭൂമി കൈമാറ്റം പാടില്ലെന്ന് 1997 സർക്കാർ ഉത്തരവുണ്ട്. എന്നാൽ, 2001ൽ സുകുമാരൻ നായർ മരിച്ച് ഒരു മാസത്തിനുള്ളിൽ അമ്മ വനജാക്ഷി ഈ ഭൂമി സുഗന്ധിക്ക് വിറ്റു. സുകുമാരൻ നായരുടെ ഭാര്യയും മകളും ജീവിച്ചിരിക്കെയാണിത്. 2006ലാണ് സുഗന്ധിയിൽ നിന്നും ഭൂമി വസന്ത വാങ്ങുന്നത്. അവകാശം സ്ഥാപിക്കാൻ സുകുമാരൻ നായരുടെ ഭാര്യ ഉഷ കോടതിയിൽ കൊടുത്ത കേസ് ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് വസന്തക്ക് പോക്കുവരവ് നൽകിയെന്നാണ് അതിയന്നൂർ വില്ലേജിലെ രേഖകളിലുള്ളത്.