വക്കം: തൊഴിലും ശമ്പളവുമില്ലാതെ കയർ തൊഴിലാളികൾ പട്ടിണിയിൽ. വക്കം അകത്ത് മുറി 303-ാം നമ്പർ കയർ സഹകരണ സംഘത്തിലെ 30 തിലധികം തൊഴിലാളികളാണ് തൊഴിലില്ലാതെ വലയുന്നത്.
കഴിഞ്ഞ ഏഴ് മാസക്കാലമായി സംഘം അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഓണത്തിനുള്ള ബോണസ് പോലും ഇനിയും ലഭിച്ചിട്ടില്ല. വൈദ്യുതിയിലും അല്ലാതെയും പ്രവർത്തിക്കുന്ന 15 ലധികം റാട്ടുകൾ ഇവിടെയുണ്ട്. ഈ തുക കൊണ്ട് വേണം കുടുംബം പോറ്റാൻ. വക്കത്തെ മാലുകൾ നിശ്ചലമായതോടെ ചെറുന്നീയൂർ പുത്തൻകടവിൽ നിന്നാണ് ചകിരി ഇവിടെ കൊണ്ടുവരുന്നത്. ഉത്പാദിപ്പിക്കുന്ന കയർ കയർഫെഡിന് കൈമാറുമെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ 31ന് സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞു. പുതിയ സെക്രട്ടറി ചാർജ് എടുത്തിട്ടുമില്ല. എല്ലാ ആധുനിക സജീകരണങ്ങളോടുകൂടിയാണിവിടെ സംഘം പ്രവർത്തനമാരംഭിച്ചത്. തൊണ്ട് തല്ലുന്നതിനും ചകിരി വൃത്തിയാക്കുന്നതിനും, കയർപിരിക്കുന്നതിനും എല്ലാം ആധുനിക സംവിധാനങ്ങളുണ്ടിവിടെ. എന്നാൻ ഇതെല്ലാം ഇന്ന് കാടുകയറി നശിക്കുകയാണ്. യന്ത്രവത്കൃത റാട്ടുകൾ വിവിധ മുറികൾക്കുള്ളിൽ കിടന്ന് നശിക്കുമ്പോൾ മറ്റുള്ള യന്ത്ര സാമഗ്രഹികൾ പുറത്ത് അനാഥമായി കിടക്കുന്നു.
സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞതോടെ ഇനി ആരെ ബന്ധപ്പെടണമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
തൊഴിലില്ലാതെ - 30 ഓളം തൊഴിലാളികൾ
സംഘം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് - 7 മാസം
ഓണം ബോണസും കിട്ടിയില്ല
2009 മുതലുള്ള തൃഫ്റ്റ് തുകയും കിട്ടാനുണ്ട്. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് അഞ്ച് ശതമാനം തിരികെ പിടിക്കുന്ന തുകയാണ്. എല്ലാവർഷവും ബോണസിനൊപ്പം ഈ തുകയും തിരിച്ചുനൽകിരുന്നു.
ഒരു കയർ തൊഴിലാളിക്ക് സംഘം നൽകുന്ന 240 രൂപയുടെ കൂലിക്ക് പുറമേ 110 രൂപ സർക്കാരും നൽകുന്നതടക്കം 350 രൂപയാണ് ശമ്പളം.
കെട്ടിടത്തിന്റെ അവസ്ഥ മോശം
ഓഫീസിന്റെ പ്രവർത്തനം മുടങ്ങിയതോടെ സംഘത്തിന്റെ കെട്ടിടം ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. പല മുറികളുടെയും പുട്ടുകൾ തകർത്ത നിലയലാണിപ്പോൾ. പ്ലാസ്റ്റിക്ക് കുപ്പികളും, ഗ്ലാസുകളും കൊണ്ടീ മേഖല നിറഞ്ഞു. സംഘത്തോട് ചേർന്നുള്ള കായൽ തീരവും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.