mealworms-

യൂറോപ്പിൽ ആദ്യമായി ഒരു ഷഡ്പദത്തിന് മനുഷ്യ - ഭക്ഷ്യയോഗ്യമായ ലാർവയെന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്. മീൽവേമുകളാണ് ( Mealworms ) ഇതോടെ യൂറോപ്യൻ തീൻ മേശകളിൽ പ്രത്യക്ഷപ്പെടാനൊരുങ്ങുന്നത്. യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസിയാണ് മീൽവേമുകൾ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി അവയ്ക്ക് അംഗീകാരം നൽകിയത്.

ശരിക്കും മീൽവേമുകൾ പുഴുക്കൾ അല്ല. ഒരുതരം കരിവണ്ടിന്റെ ( darkling beetle ) ലാർവകളാണ് ഇവ. സാധാരണ വളർത്തുമൃഗങ്ങൾക്കും മത്സ്യങ്ങൾക്കും തീറ്റയായി ഇവ കൊടുക്കാറുണ്ട്. ഇതിൽ മഞ്ഞ ലാർവകളാണ് മനുഷ്യർക്ക് ഭക്ഷ്യയോഗ്യമാണെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസി കണ്ടെത്തിയിരിക്കുന്നത്. പ്രോട്ടീൻ, ഫാറ്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ ഇവ ഇതേ പടി ഫ്രൈ ചെയ്ത് കഴിക്കുകയോ പലഹാരങ്ങളിലും ന്യൂഡിൽസിലും മറ്റും പൊടി രൂപത്തിലാക്കി ഉപയോഗിക്കുകയോ ചെയ്യാം.

ഭക്ഷ്യയോഗ്യമെന്ന് അവകാശപ്പെടുന്ന ആൽഗെ ഗണങ്ങളും ഷഡ്പദങ്ങളും ഉൾപ്പെടെ 156 ഇനങ്ങളിൽ നിന്നാണ് ഏജൻസി മീൽവേമിനെ തിരഞ്ഞെടുത്തത്. ചൈനയിലും ജപ്പാനിലുമൊക്കെ പുഴുക്കളെയും ഷഡ്പദങ്ങളെയും ആഹാരമായി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ, യൂറോപ്പിൽ ഭൂരിഭാഗം പേർക്കും ഇതിനോട് താത്പര്യമില്ലെന്നും അറപ്പുളവാക്കുന്നവയുമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.