drawing

കൊച്ചി: പ്രശസ്ത ചിത്രകാരൻ കെ.സി.എസ്. പണിക്കരുടെ ചരമദിനവും പ്രിയശിഷ്യൻ എം.വി. ദേവന്റെ ജന്മദിനവുമായ ഇന്ന് ദേവന്റെ വീടായ ദേവാങ്കണത്തിൽ ഒരുക്കിയ ദൃശ്യകലാവിരുന്ന് നാടിന് സമർപ്പിക്കും. അച്ഛന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഗുരുവന്ദനത്തിന്റെ സ്മരാണയിലാണ് മകൾ ശാലിനി ആശയം ഒരുക്കിയത്.

ദേവന്റെ ആലുവയിലെ വീട്ടിൽ നിരവധി ചിത്രങ്ങളും ശല്പങ്ങളും ശേഖരിച്ചു. പുതിയ തലമുറയിൽ അന്യംനിന്നു പോകുന്ന കലാബോധത്തെ വളർത്തിയെടുക്കാനും കെ.സി.എസ്. പണിക്കർ, എം. ഗോവിന്ദൻ, എം.വി. ദേവൻ, എം.കെ.കെ നായർ, സി.എൻ. ശ്രീകണ്ഠൻനായർ, എ.പി. കുഞ്ഞികണ്ണൻ, ലാറി ബേക്കർ എന്നിവരുടെ ആശയങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ശാലിനി ദേവൻ പറഞ്ഞു.

മറഞ്ഞിരിക്കാതെ മറ്റുള്ളവർക്ക് കാണാനും ആസ്വദിക്കാനും കല സാദ്ധാരണക്കാരന് പ്രാപ്യമാണെന്ന സന്ദേശം വെളിപ്പെടുത്താനുമുള്ള ശ്രമത്തിലാണ് ദേവന്റെ മക്കളായ ജമീലയും ശാലിനിയും പേരക്കുട്ടികളായ അപർണയും അശ്വിനും സിദ്ധാർത്ഥും.

ചിത്രപ്രദർശനം ഇന്ന് മുതൽ

ഇന്ന് മുതൽ 20 വരെയാണ് ചിത്രപ്രദർശനം. ദേവാങ്കണത്തിൽ ഗുരുവന്ദനം പരിപാടിയിൽ ദേവാശ്രമത്തിന്റെ താക്കോൽ നാടകകൃത്തും സംവിധായകനുമായ ടി.എം. എബ്രഹാം ചിത്രകാരൻ ജീവൻലാലിന് കെെമാറും. എം.വി. ദേവൻ രചിച്ച കെ.സി.എസ്. പണിക്കർ ഒരു പഠനം എന്ന പുസ്തകത്തിന്റെ പുന:പ്രകാശനവും എം.വി ദേവനെക്കുറിച്ചുള്ള ഡോക്യൂമെന്ററികളുടെ പ്രദ‌ർശനവും നടക്കും. ദേവാങ്കണത്തിലെ ദേവാശ്രമം സ്റ്റുഡിയോ കലാകാരന്മാർക്ക് രചനാത്മകമായ സൃഷ്ടികളിൽ ഏർപ്പെടാൻ മിതമായ നിരക്കിൽ ഹ്രസ്വകാലത്തേക്ക് നൽകും.