അജ്ഞാത പറക്കും വസ്തുക്കൾ എന്നും പറക്കും തളികകൾ എന്ന ഓമന പേരിലുമൊക്കെ അറിയപ്പെടുന്ന യു.എഫ്.ഒകളെ (Unidentified flying objects - UFOs) സംബന്ധിച്ച സുപ്രധാനമായ രഹസ്യരേഖകൾ ഇനി ആർക്കും ഡൗൺലോഡ് ചെയ്യാം. വെറും രേഖകൾ അല്ല, യു.എഫ്.ഒകളെ പറ്റി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സി.ഐ.എ) ഫയലുകളാണ് ഇവ. വിവര സ്വാതന്ത്ര്യ നിയമപ്രകാരമാണ് ഇവ സി.ഐ.എ പുറത്തുവിട്ടിരിക്കുന്നത്. ലോകത്ത് രഹസ്യപ്പട്ടികയിൽ നിന്ന് നീക്കം ചെയ്ത രേഖകൾ സൂക്ഷിക്കുന്ന ഏറ്റവും വലിയ സ്വകാര്യ ആർക്കൈവ് വെബ്സൈറ്റ് ആയ ബ്ലാക്ക് വോൾട്ടിലാണ് (Black Vault) ഈ ഫയലുകൾ കാണാൻ സാധിക്കുക.
യു.എസ് അധികൃതർ ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തുക്കളെ സംബന്ധിച്ച സി.ഐ.എയുടെ ഫയലുകളുമായി ബന്ധപ്പെട്ട പി.ഡി.എഫുകളോടെയാണ് ബ്ലാക്ക് വോൾട്ടിൽ, രേഖകൾ ആക്സസ് അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യാവുന്ന തരത്തിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 2.2 മില്യൺ പേജുകൾ ബ്ലാക്ക് വോൾട്ടിൽ അപ്‌ലോഡ് ചെയ്തതായാണ് വിവരം.
1980 കാലഘട്ടത്തിലെ യു.എഫ്.ഒ റിപ്പോർട്ടുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതിനു മുമ്പും സി.ഐ.എയുടെ യു.എഫ്.ഒ ഫയലുകൾ ബ്ലാക്ക് വോൾട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം മുതൽ റഷ്യൻ നഗരത്തിൽ അർദ്ധ രാത്രി സംഭവിച്ച പൊട്ടിത്തെറികൾ വരെയുള്ള നിരവധി നിഗൂഢ കഥകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന രേഖകളിൽ. ചില രേഖകൾ എളുപ്പം വായനക്കാർക്ക് മനസിലാകുന്നതാണ്. എന്നാൽ, മറ്റുള്ള രേഖകൾ മനസിലാക്കാനും അവയിൽ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താനും പ്രയാസമാണ്.
തിരിച്ചറിയാൻ സാധിക്കാത്ത ആകാശ വസ്തുക്കളെയാണ് പൊതുവെ യു.എഫ്.ഒ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അന്യഗ്രഹ ജീവികളെ പറ്റിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നിഗൂഡ സംഭവങ്ങളെയും പറ്റി അറിയാൻ താത്പര്യമുള്ളവരാണ് ഏറെയും. അന്യഗ്രഹ ജീവികളുടെയും അവ സഞ്ചരിക്കുന്ന വസ്തുക്കളുമൊക്കെ വെറും സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നുണ്ട്. എന്നാൽ, അവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന തരത്തിലെ അവിശ്വസനീയ റിപ്പോർട്ടുകൾ പുറത്തുവിട്ട് വാർത്തകളിൽ നിറഞ്ഞ രാജ്യമാണ് അമേരിക്ക.