foot

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ മുടങ്ങിപ്പോയ കിഴക്കേകോട്ട ഫുട് ഓവർബ്രിഡ്ജിന്റെ നിർമ്മാണം പുനരാരംഭിച്ചു.

പൈലിംഗ് ജോലികൾ കഴിഞ്ഞതിനാൽ നാലുമാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കേണ്ട ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം കൊവിഡ് കാരണമാണ് വൈകിയത്. ഗാന്ധിപാർക്കിൽ നിന്നു തുടങ്ങി ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്കും, ആറ്റുകാൽ ബസ് സ്റ്റോപ്പിൽ നിന്ന് കോവളം ബസ് സ്റ്റോപ്പ് ഭാഗത്തേക്കും, അവിടെ നിന്നു റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന രീതിയിലാണ് ഘടന.

കോട്ടയ്ക്ക് സമാനമായി പൈതൃകം സംരക്ഷിച്ചുകൊണ്ട് പൗരാണിക രീതിയിലാണ് ബ്രിഡ്ജ് ഡിസൈൻ ചെയ്തിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ കിഴക്കേകോട്ടയിലെ കാൽനട യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരമാകും. നിലവിൽ രാത്രിയും പകലുമായി നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് പണി വേഗം പൂർത്തിയാക്കാനാണ് നീക്കം.

സംസ്ഥാനത്തെ ഏറ്റവും വലിയ ഫുട് ഓവർബ്രിഡ്ജ്

സംസ്ഥാനത്തെ ഏറ്റവും വലുതും ആദ്യത്തെ ലിഫ്ടുള്ള ഓവർബ്രിഡ്ജും ഇതായിരിക്കും. 15 പേർക്ക് വീതം കയറാവുന്ന രണ്ട് ലിഫ്ടുകളാണ് പാലത്തിൽ സജ്ജീകരിക്കുക. സി.സി ടി.വി കാമറ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. സി.സി ടി.വി കാമറാദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിലേക്കായിരിക്കും പോകുക. ശീതീകരിച്ച പൊലീസ് എയ്ഡ് പോസ്റ്റും ടൂറിസം ഇൻഫർമേഷൻ സെന്ററും ഉണ്ടാകും. 100 മീറ്റർ പരിധിയിൽ സൗജന്യ വൈഫൈ ഉപയോഗിക്കാനും പൊതുജനങ്ങൾക്ക് കഴിയും. ഗാന്ധിപാർക്കിന് സമീപവും കോവളം ബസ് സ്റ്റോപ്പിന് സമീപവുമായിരിക്കും ലിഫ്റ്റുകൾ സജ്ജമാക്കുക.

പദ്ധതി തുക 2.75 കോടി രൂപ

പാലത്തിന്റെ നീളം 102 മീറ്റർ

'' വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി ജോലികൾ വേഗത്തിലാക്കും. കാലാവസ്ഥകൂടി സഹായിച്ചാൽ നാലു മാസത്തിനുള്ള ഫുട് ഓവർബ്രിഡ്ജ് പൂർത്തിയാക്കും.

നസീബ് .എസ്, എം.ഡി

ആക്‌സോ എൻജിനിയേഴ്സ്

പ്രൈവറ്റ് ലിമിറ്റഡ്