അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് രണ്ടു തവണ ഇംപീച്ച്മെന്റിന് വിധേയനാകുന്നത്. ഡൊണാൾഡ് ട്രംപിന്റെ കാര്യത്തിലാണെങ്കിൽ കഴിഞ്ഞ ഇംപീച്ച്മെന്റിൽ റിപ്പബ്ലിക്കൻ പാർട്ടി അദ്ദേഹത്തോടൊപ്പം നിന്നതിനാൽ ഇംപീച്ച്മെന്റ് വിജയിച്ചെങ്കിലും സെനറ്റിൽ അത് പരാജയപ്പെട്ടു. പക്ഷേ, ഇത്തവണ റിപ്പബ്ലിക്കൻസ് തന്നെ ഒരു ഗ്രൂപ്പായി അദ്ദേഹത്തെ എതിർക്കുന്നു. എന്നാലും അതത്ര വലുതല്ലെന്ന് കാണാൻ കഴിയും. കോൺഗ്രസിൽ പത്തുപേർ അദ്ദേഹത്തിന് എതിരായി വോട്ടു ചെയ്തു. യു.എസ് കോൺഗ്രസിൽ ഇംപീച്ച്മെന്റ് വിജയിച്ചെങ്കിലും അതത്ര ശക്തമാണെന്ന് പറയാൻ കഴിയില്ല. അതിനി സെനറ്റിലേക്ക് എന്ന് പോകുമെന്നും അറിയാനാവില്ല. ഇനി സെനറ്റ് ചേരുന്നത് 19 നാണ്. 20നാണ് പ്രസിഡന്റിന്റെ സ്ഥാനാരോഹണം.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനാകുമോ എന്നതിൽ പല അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല എന്നതാണ് ഒരു കാരണം. രണ്ടാമത്തേത്ത് അങ്ങനെ ചെയ്യാനാകുമോയെന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുമില്ല. പ്രസിഡന്റിനെ ഡിസ്‌ക്വാളിഫൈ ചെയ്യുകയാണ് ഇംപീച്ച്മെന്റിന്റെ ഉദ്ദേശം.
കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മൂലം ട്രംപിന് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഉറപ്പിക്കാനാണ് ഇംപീച്ച്മെന്റ് മുന്നോട്ടുപോകണമെന്ന് പലരും ആഗ്രഹിക്കുന്നത്.
ഇപ്പോഴത്തെ ആശങ്ക 20വരെ എന്ത് സംഭവിക്കുമെന്നാണ്. വിപ്ലവകാരികളോട് യാതൊന്നും ചെയ്യരുതെന്ന് ട്രംപ് ആവശ്യപ്പെടുന്നുണ്ടെങ്കിലും 50 സ്റ്റേറ്റുകളിലും 20ന് മുൻപ് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് അവർ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധത്തിന് വേണ്ടി അമേരിക്കൻ സൈന്യം തന്നെ തയ്യാറായി നിൽക്കുകയാണ്.
പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ജനുവരി 6 ന് സൈന്യത്തിന് യാതൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ കരുതൽ വരുത്തിയില്ലെങ്കിൽ ആഭ്യന്തര യുദ്ധമായി മാറുമോ എന്ന ഭയം പലർക്കുമുണ്ട് .പ്രസിഡന്റ് അത് ശക്തിയായി എതിർത്തില്ലെങ്കിൽ അടുത്ത ആഴ്ച പല സംഭവങ്ങളും അമേരിക്കയിൽ നടന്നേക്കാം.
ഒരുവശത്ത് ഈ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അതെല്ലാം അതിജീവിക്കാനുള്ള ശക്തി അമേരിക്കയ്ക്കുണ്ടെന്നതാണ് യാഥാർത്ഥ്യം.
ട്രംപിന് എന്ത് സംഭവിക്കുമെന്നുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. അദ്ദേഹം രാജ്യം വിട്ടുപോകുമോ, കേസുകളുടെ ഫലമായി ജയിലിൽ പോകുമോ എന്നൊക്കെയാണ് പ്രശ്‌നം. അദ്ദേഹത്തിന് പൊതുമാപ്പ് ലഭിക്കണമെങ്കിൽ രാജിവച്ച ശേഷം ഒരു ദിവസത്തേക്കെങ്കിലും വൈസ് പ്രസിഡന്റ് അധികാരത്തിൽ വരികയും മാപ്പ് നൽകുകയും ചെയ്യണമെന്ന ഫോർമുലയുണ്ട്. അതേസമയം, ബൈഡൻ എന്ത് നയമാകും സ്വീകരിക്കുക എന്നതാണ് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.