kk-shailaja

തിരുവനന്തപുരം: കൊവിഡ് വാക്സിനെ ഭയക്കേണ്ടതില്ലെന്നും തെറ്റിദ്ധാരണകൾ പരത്തരുതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച 'വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം' ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആദ്യ ഡോസെടുത്തവർ ഉറപ്പായും അടുത്ത ഡോസെടുക്കണം. നിശ്ചിത ഇടവേളകളിൽ രണ്ട് പ്രാവശ്യം വാക്‌സിനെടുത്താലേ ഫലമുള്ളൂ. 4 മുതൽ 6 ആഴ്ചകൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിൻ. ആദ്യഡോസെടുത്തു കഴിഞ്ഞാലുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ പോലും റിപ്പോർട്ട് ചെയ്യണം.

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പേരെ കൊവിഡ് വരാതെ സംരക്ഷിക്കാനായി. ഇവരിലേക്ക് പൂർണമായി വാക്‌സിനെത്തിക്കുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനമാണ് നടക്കുന്നത്. ജില്ലകളിൽ അതത് മന്ത്രിമാർക്കായിരിക്കും വാക്‌സിനേഷന്റെ ചുമതലയെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ബി. ഇക്ബാൽ, മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേഷ്ടാവ് രാജീവ് സദാനന്ദൻ, ഡബ്ല്യൂ.എച്ച്.ഒ പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിൻ, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവരും സംസാരിച്ചു.