v-muraleedharan

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളം പൂർണമായി പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമാ തിയേറ്ററുകളും സർക്കാർ ഓഫീസുകളും പഴയതുപോലെ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത് ആശങ്കയുളവാക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറി. രാജ്യത്ത് കഴിഞ്ഞ ദിവസം 15,968 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കേരളത്തിൽ 6000 പേർക്കായിരുന്നു രോഗം. ഇത് രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ 40 ശതമാനമാണ്. ഇത്രയുംപേർക്ക് കൊവിഡ് ബാധിച്ചിട്ടും ഭരണ, പ്രതിപക്ഷ അംഗങ്ങൾ തിരിച്ചറിയുന്നില്ല. ഹോം ക്വാറന്റൈൻ വേണ്ട രീതിയിൽ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കൊവിഡ് മരണനിരക്ക് കുറച്ച് കാണിക്കാനുള്ള ശ്രമമാണ്. ആന്റിജൻ ടെസ്റ്റ് നടത്തിയാണ് കേരളം കൊവിഡ് രോഗികളെ കണ്ടെത്തുന്നത്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയാലേ കൊവിഡ് രോഗികളുടെ യഥാർത്ഥ എണ്ണം കണ്ടെത്താനാവൂ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എല്ലാം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്ന സർക്കാർ അടിയന്തരമായി കൊവിഡ് പ്രതിരോധം ശക്തമാക്കണം.

ചലച്ചിത്ര അക്കാഡമി ചെയർമാൻ എൽ.ഡി.എഫുകാരെ സ്ഥിരപ്പെടുത്താൻ കത്ത് നൽകിയത് സർക്കാർ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും കൂടെയാണെന്നതിന്റെ തെളിവാണ്. പാർട്ടി പറഞ്ഞാൽ താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു.