തിരുവനന്തപുരം: അരീക്കോട് സ്റ്റേഡിയത്തിൽ അഞ്ചുകോടി ചെലവിൽ നിർമ്മിക്കാനിരുന്ന സിന്തറ്റിക് ഫുട്ബാൾ ടർഫ് പദ്ധതി ഉപേക്ഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ പറഞ്ഞു. സ്റ്റേഡിയത്തിന്റെ പരിസരത്തു കൂടി ഒഴുകുന്ന ചാലിയാറിൽ പ്രളയകാലത്ത് വെള്ളം പൊങ്ങി ഗാലറിയുടെ ഒന്നാംനില വെള്ളത്തിൽ മുങ്ങിയിരുന്നു. സിന്തറ്റിക് ടർഫിന് പകരം സ്വാഭാവിക പുൽത്തകിടിയും അതിനുള്ള ജലസേചന സൗകര്യവും സജ്ജമാക്കുമെന്നും സ്റ്റേഡിയം ഏറ്റെടുക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തുമെന്നും പി.കെ ബഷീറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.