da

വർക്കല: കേരളത്തിന്റെ കലാസാംസ്‌കാരിക പൈതൃകം വിളിച്ചോതി ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രമായ വർക്കലയിൽ രംഗകലാകേന്ദ്രം ഒരുങ്ങുന്നു. 10 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രം സജ്ജമാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള വർക്കല ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ട് ഏക്കർ സ്ഥലത്ത് 13,000 ചതുരശ്ര അടിയിൽ കേരളത്തനിമയുള്ള കേന്ദ്രം നിർമ്മിക്കുന്നത്.

കേരളത്തിന്റെ നാടൻ കലകൾ, ആയോധന കലകൾ, സംസ്‌കാരം, പൈതൃകം, തനത് ടൂറിസം എന്നിവയ്ക്ക് ലോകമെമ്പാടും പ്രചാരം നൽകുകയെന്ന ലക്ഷ്യവുമായാണ് നിർമ്മാണം. ഫെബ്രുവരി അവസാനത്തോടെ രംഗകലാകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ ആധുനിക കലാരൂപങ്ങൾ തമ്മിലുള്ള താരതമ്യ പഠനങ്ങൾ എന്നിവയ്ക്ക് ഇവിടെ അവസരമുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർക്കുൾപ്പടെകേരളത്തിന്റെ തനതായ കലകൾ ആസ്വദിക്കാനും പഠിക്കാനുമുള്ള സൗകര്യവുമുണ്ട്. ക്ലാസുകൾ കൈകാര്യം ചെയ്യാൻ മികച്ച അദ്ധ്യാപകരുമുണ്ടാകും.

നിർമ്മാണ ചുമതല വിവിഡിന്

മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ച വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലൈഫ്‌ കെയർ ലിമിറ്റഡിന്റെ നിർദേശപ്രകാരം ആർക്കിടെക്ട് ബി. സുധീറാണ് കലാകേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പ്രഗത്ഭ കലാകാരന്മാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു ഡിസൈൻ കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. അടൂർ ഗോപാലകൃഷ്ണനാണ് സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് സെന്ററിന്റെ ഗവേണിംഗ് ബോഡി ചെയർമാൻ.

ഏറ്റവും വലിയ ചുവർചിത്രവും

കേരളീയ വാസ്തുവിദ്യ പ്രകാരമാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ദൃശ്യചാരുതയേകാൻ ഏറ്റവും വലിയ ചുവർചിത്രവും വരച്ചിട്ടുണ്ട്. നാല് ഭാഗങ്ങളിലായാണ് ചുവർ ചിത്രങ്ങൾ തയ്യാറാക്കിയത്. 2,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ചിത്രങ്ങൾ. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ ചുവർചിത്രകലാ വിഭാഗത്തിനായിരുന്നു ഇതിന്റെ ചുമതല. ഭാവിയിൽ സിംഗപ്പൂരിലെ അസോസിയേഷൻ ഒഫ് ഏഷ്യ പസഫിക് പെർഫോമിംഗ് ആർട്സ് സെന്ററുമായി സഹകരിച്ച് ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് കേന്ദ്രത്തിനെ ഉയർത്താനും പദ്ധതിയുണ്ട്.

സഞ്ചാരികൾ വർദ്ധിക്കും

കേന്ദ്രം പ്രവർത്തന സജ്ജമാകുന്നതോടെ ടൂറിസ്റ്റുകളെയും ഗവേഷണ വിദ്യാർത്ഥികളെയും വർക്കലയിലേക്ക് കൂടുതൽ ആകർഷിക്കാൻ കഴിയും. ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള

അൻപതോളം വിദ്യാർത്ഥികൾ ഇതിനോടകം സെന്ററിനെ പഠന വിഷയമായി തിരഞ്ഞെടുത്തിട്ടുണ്ട്. 2017 മേയിലാണ് രംഗകലാ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചത്.

പ്രത്യേകതകൾ

പെർഫോമൻസ് ഹാൾ

കളരിത്തറ

ആനപ്പള്ള മതിൽ

താമരക്കുളം

ആംഫി തിയേറ്റർ

സ്വിമ്മിംഗ് പൂൾ

തീം നൈറ്റ്സ്

സർപ്പപ്പാട്ട്

തുള്ളൽ

പടയണി

അഗ്നിക്കാവടി

അർജുന നൃത്തം

ചവിട്ടു നാടകം

ഗോസ്റ്റ് നൈറ്റ്സ്

കലാപഠന കേന്ദ്രം

കൺവെൻഷൻ സെന്റർ

ഓഡിറ്റോറിയം

ആയുർവേദ ചികിത്സാ കേന്ദ്രം

ഓർഗാനിക് ഗാർഡൻ,

ഫെസിലിറ്റേഷൻ സെന്റർ


"സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് നാടിന് സമർപ്പിക്കുന്നതോടെ അന്താരാഷ്ട്രതലത്തിൽ വർക്കലയ്ക്ക് ഇടം നേടാനാകും .ഫെബ്രുവരി 15ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ സെന്റർ നാടിന് സമർപ്പിക്കും."

അഡ്വ. വി.ജോയി, എം.എൽ.എ