തിരുവനന്തപുരം: താനൊരു സംഭവമാണെന്ന് മുഖ്യമന്ത്രിക്ക് മറ്റൊരെയെങ്കിലും കൊണ്ട് പറയിക്കാമായിരുന്നെന്നും, സഭയിലെ പ്രസംഗം വെറും തള്ളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോൾത്തന്നെ പി.ആർ ഏജൻസി അദ്ദേഹത്തിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. തള്ള് ഇത്തിരി കൂടിപ്പോയി. മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ താവളമായി മാറുന്നതും ദേശീയ ഏജൻസികളുടെ അന്വേഷണത്തിന് വിധേയമാവുന്നതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
18 വർഷം പാർട്ടി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദനെ ഇല്ലായ്മ ചെയ്ത ഗ്രൂപ്പിന്റെ നേതാവാണ് പിണറായി വിജയൻ. അങ്ങനെ ഗ്രൂപ്പ് കളിച്ച് മുഴുവൻ സ്ഥാനവും പിടിച്ചടക്കിയ ഗ്രൂപ്പുകളിയുടെ ആശാനാണ് പി.ടി. തോമസിന്റെ ഗ്രൂപ്പിനെപ്പറ്റി പറയുന്നത്. 374 കോടിയുടെ ലാവ്‌ലിൻ കേസ് ഇപ്പോഴും സുപ്രീംകോടതിയിലാണ്. 20 തവണ മാറ്റിവച്ചു. ബി.ജെ.പി.യും സി.പി.എമ്മുമായുള്ള അന്തർധാരയാണ് ഇതിലൂടെ തെളിയുന്നത്.
50മാസം മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ കള്ളക്കടത്തിന്റെ ഭാഗമായി. ഗുരുതരമായ തെറ്റുകളുണ്ടായിട്ടും ശിവശങ്കറിന് ഇപ്പോഴും മുഖ്യമന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നു.
കേന്ദ്രഏജൻസികൾ ശരിയായ ദിശയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക്, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിക്കുന്നുവെന്ന് കണ്ടപ്പോഴാണ് ട്രാക്ക് തെറ്റിയത്. അന്വേഷണം തന്നിലേക്ക് വരുമെന്നുള്ള ഭീതികൊണ്ടാണ് അന്വേഷണ ഏജൻസികളെ എതിർക്കുന്നത്.
മുഖ്യമന്ത്രി വിളിച്ചുകൊണ്ടുവന്ന കേന്ദ്ര ഏജൻസികൾ രാജ്യദ്രോഹ പ്രവർത്തനത്തെപ്പറ്റി അന്വേഷിക്കുമ്പാേൾ, അന്വേഷണം ശരിയായ നിലയിൽ നടക്കണമെന്ന് പ്രതിപക്ഷം പറഞ്ഞാൽ അതിൽ എന്താണ് തെറ്റുള്ളത്. ശിവശങ്കറിൽ മാത്രം ഈ അന്വേഷണം നിൽക്കില്ല. യഥാർത്ഥ പ്രതികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ജനങ്ങൾ നൽകിയ വിധിയെ ഞങ്ങൾ അംഗീകരിക്കുന്നു. ഞങ്ങൾക്ക് തെറ്റുകളുണ്ടെങ്കിൽ ഞങ്ങൾ തിരുത്തി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.