bus-bey

കല്ലമ്പലം: ദേശീയപാതയിൽ അപകടക്കെണിയായ വെയിലൂർ ജംഗ്ഷന് സമീപം അടുത്തിടെ നിർമ്മിച്ച ബസ് ബേ യുടെ സമീപത്ത് ഉപയോഗിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് ബി.സത്യൻ എം.എൽ.എ അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണ് ഇവിടെ ബസ് ബേ നിർമ്മിച്ചത്. തുടർന്നാണ്‌ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനും പദ്ധതിയിട്ടത്. ബസ്‌ ബേയുടെ നിർമ്മാണം പൂർത്തിയയതോടെ ബസുകൾക്ക് ഇതിനുള്ളിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നിരിക്കെ ചില ബസുകൾ ഇത് പാലിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ആറ്റിങ്ങൽ നിന്ന് കല്ലമ്പലം ഭാഗത്തേക്ക്‌ പോകുമ്പോൾ ഇടത് വശത്താണ് ബസ് ബേ നിർമ്മിച്ചിരിക്കുന്നത്‌.

വാഹനങ്ങളുടെ അമിത വേഗത, മത്സര ഓട്ടം റോഡിന്റെ വളവ് എന്നിവ അപകടത്തിന് കാരണമായിരുന്നു. ബസുകൾ തോന്നിയ പോലെ ആണ് ഇവിടെ നിർത്തുന്നത്. സ്വകാര്യ ബസുകൾ സ്ഥിരമായി വെയിലൂരിൽ നിർത്തുന്നില്ല എന്ന പരാതിയും ശക്തമായിരുന്നു. വിദ്യാർത്ഥികളും മുതിർന്നവരും റോഡ്‌ കുറുകെ കടക്കാൻ കഴിയാതെ വന്നപ്പോൾ കുറച്ചു നാൾ ട്രാഫിക് പൊലീസിനെ നിയമിച്ചെങ്കിലും തുടരാനായില്ല. റോഡ്‌ കുറുകെ കടക്കുമ്പോൾ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് രണ്ടു മരണമാണ് അടുത്തിടെ നടന്നത്. ഇതോടെയാണ് ബസ് ബേ നിർമാണത്തിന് അധികൃതർ മുന്നോട്ട് വന്നത്. ഇതോടൊപ്പം സ്ഥലത്ത് റോഡ്‌ സേഫ്റ്റി ഭാഗമായുള്ള വരകൾ,ലൈറ്റ്, സുരക്ഷാ ബോർഡ്, ഫുട്പാത്ത് എന്നിവയും നിർമിച്ചിട്ടുണ്ട്. ഇതോടെ രാത്രിയിലെ യാത്രയും സുഗമമായി.