നെടുമങ്ങാട്: കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് സർക്കാർ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് കർഷകരുടെ പരാതി. പന്നി ശല്യം രൂക്ഷമായ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തരമായി ജാഗ്രതാസമിതികൾ ചേർന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നല്കണമെന്ന നിർദ്ദേശമാണ് പാഴായത്. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമുള്ള പക്ഷം പന്നിയെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡി.എഫ്.ഒയ്ക്ക് പുറപ്പെടുവിക്കാനാവും. ഒരാഴ്ചയ്ക്കകം ജാഗ്രതാസമിതികൾ ചേർന്ന് റിപ്പോർട്ട് നൽകണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ലഭിച്ച് ഒരു വർഷമായിട്ടും ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും സമിതികൾ ചേർന്നിട്ടില്ലെന്നാണ് പരാതി. നഗരസഭ ഉൾപ്പടെ നെടുമങ്ങാട് താലൂക്കിലെ എല്ലാ പ്രദേശങ്ങളും കാട്ടുപന്നി ഭീഷണി നേരിടുന്നുണ്ട്. അരുവിക്കര, ഉഴമലയ്ക്കൽ, ആനാട്, പനവൂർ പഞ്ചായത്തുകളിൽ കൃഷിനാശം വ്യാപകമാണ്. വഴിയാത്രികർ ഉൾപ്പടെ നിരവധി പേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. മലയോര പഞ്ചായത്തുകളായ പെരിങ്ങമ്മല, നന്ദിയോട്, വിതുര, പാങ്ങോട്, ആര്യനാട്, കുറ്റിച്ചൽ മേഖലകളിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ജീവൻ പൊലിഞ്ഞവരുമുണ്ട്.