namitha

നാല് വർഷത്തിനുള്ളിൽ വിവാഹിതയാകും എന്ന് തുറന്നുപറഞ്ഞ് നടി നമിത പ്രമോദ്. വിവാഹശേഷം അഭിനയം ഉപേക്ഷിക്കുമെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. "ഉടൻ വിവാഹം ഉണ്ടാകില്ല. നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹകാര്യമേ എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമായിരിക്കണം" എന്നാണ് നമിതയുടെ വാക്കുകൾ. നടി എന്നതിനേക്കാൾ വ്യക്തിപരമായി താൻ സംതൃപ്തയാണ്. അഭിനയം ആദ്യം ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്. ഇനി സിനിമ കിട്ടുമോ എന്നൊന്നും അറിയില്ല. സിനിമയുടെ വിജയത്തിൽ ആഹ്ലാദിക്കുകയും പരാജയപ്പെടുമ്പോൾ സങ്കടപ്പെടുകയും ചെയ്യും. പക്ഷെ അത് വല്ലാതെ കൊണ്ട് നടക്കാറില്ല എന്ന് താരം പറയുന്നു.സിനിമയില്ലാതായാൽ വേറെ ജോലി ചെയ്ത് ജീവിക്കും. തിരക്കുകൾ എല്ലാം മാറ്റിവച്ച് വലിയ ആർഭാടങ്ങളൊന്നും ഇല്ലാതെ കുടുംബത്തിനൊപ്പം സ്വസ്ഥമായി യാത്ര പോകണം എന്നാണ് നമിത പറയുന്നത്. അൽ മല്ലുവാണ് നമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാദിർഷയും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നമിത നായികയായി എത്തുന്നുണ്ട്. മിനിസ്‌ക്രീൻ സീരിയലുകളിൽ ബാലതാരമായി തിളങ്ങിയ നമിത ട്രാഫിക് എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.