തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന കോൺഗ്രസിലെ മുൻനിര നേതാക്കളെ അടിയന്തരമായി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരെയാണ് 17ന് ഡൽഹിയിലെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. അന്ന് വൈകിട്ട് ഹൈക്കമാൻഡ് കേരള നേതാക്കളുമായി ചർച്ച നടത്തും. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഡൽഹിയിൽ തങ്ങാനാണ് നിർദ്ദേശം.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന് പുറമേ തിരഞ്ഞെടുപ്പ് ചുമതലക്കാരായ മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ദയനീയ തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്ന ചില ഡി.സി.സികളിൽ അഴിച്ചുപണി വേണമെന്ന നിർദ്ദേശം ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലാണിപ്പോഴും. 20ന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. അതിന്റെ ഭാഗമായി കൂടിയാണ് നേതാക്കളെ ഡൽഹിക്ക് വിളിച്ചത്.
തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ അനിവാര്യമായി വരുത്തേണ്ട ചില ക്രമീകരണങ്ങളും ചർച്ചയാകും. ഉമ്മൻ ചാണ്ടിക്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃതലത്തിൽ ചില നിർണായക ചുമതല നൽകണമെന്ന ചർച്ചയും സജീവമാണ്. നാളെ തിരുവനന്തപുരത്ത് കർഷകമാർച്ച് ഉദ്ഘാടനം ചെയ്യാൻ താരിഖ് അൻവർ എത്തുമെന്ന് നേതാക്കൾ നേരത്തേ അറിയിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ എത്താനിടയില്ല. ഡൽഹി ചർച്ചകൾ പൂർത്തീകരിച്ച ശേഷം 20ന് ഹൈക്കമാൻഡ് പ്രതിനിധികൾ വീണ്ടുമെത്തും.