തിരുവനന്തപുരം: കോൺഗ്രസിനെ ആര് നയിക്കണമെന്ന് മുസ്ളിംലീഗ് തീരുമാനിക്കുന്ന സ്ഥിതിയെന്ന വിവാദ ആക്ഷേപം നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നന്ദിപ്രമേയചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ഫേസ്ബുക്കിൽ അവതരിപ്പിച്ച കാര്യം അദ്ദേഹം ആവർത്തിച്ചത്. തന്റെ നിലപാടിൽ ഒരു മാറ്റവുണ്ടായിട്ടില്ലെന്നും ഒരുപാർട്ടിയിലെ നേതാവ് ആരാകണമെന്ന് മറ്റൊരുപാർട്ടി നേതാവ് പറയുന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതേവരെ കണ്ടിട്ടില്ല. മുസ്ളിംലീഗിനെ എന്തെങ്കിലും പറയുമ്പോൾ അതെങ്ങനെയാണ് മുസ്ളിം സമുദായത്തിനും എതിരാകുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി മുസ്ളിംലീഗ് സഖ്യമുണ്ടാക്കി. അത് കോൺഗ്രസ് നേതാക്കൾ അംഗീകരിച്ചു. ജമാഅത്ത് ഇസ്ളാമി എന്താണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കെ.പി.സി.സി പ്രസിഡന്റിനും കോൺഗ്രസ് ഹൈക്കമാൻഡിനും അറിയാം. അതുകൊണ്ടാണ് സഖ്യം വേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞത്. അത് ശരിവച്ച സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന് ലീഗ് പറയുന്നതാണ് സൂചിപ്പിച്ചത്.
സംവരണേതര വിഭാഗങ്ങൾക്ക് പത്ത്ശതമാനം സാമ്പത്തിക സംവരണം നൽകുന്ന വിഷയവും കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളതാണിത്. മുസ്ളിംലീഗ് പക്ഷേ ഇതിനെ എതിർത്തു. കോൺഗ്രസ് നിലപാട് മറന്ന് നിശബ്ദത പാലിച്ചു. രാഷ്ട്രീയനേട്ടത്തിനായി സംസ്ഥാന കോൺഗ്രസും യു.ഡി.എഫും ചെയ്യുന്ന വർഗീയ പ്രീണനം ഇതരവിഭാഗങ്ങളെ അവരിൽ നിന്നകറ്റും. ഇങ്ങനെ പറയുന്നത് എങ്ങിനെയാണ് വർഗ്ഗീയ വിഭാഗീയത സൃഷ്ടിക്കലാകുന്നത്. കോൺഗ്രസ് മതേതര നിലപാട് സ്വീകരിച്ച് സ്വയം തിരുത്തിയില്ലെങ്കിൽ അവരും യു.ഡി.എഫും വലിയ പതനത്തിലേക്കെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.