തിരുവനന്തപുരം: ഭാസ്‌കര പട്ടേലരും തൊമ്മിമാരും എന്ന നിലയിലാണ് മന്ത്രിസഭ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. നിയമസഭയിലെ നയപ്രഖ്യപന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപനത്തിൽ പറഞ്ഞ ഒരു കാര്യവും നടപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ല. നാല് തവണ ഗവർണർ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴം പറയുന്നത്. ജനങ്ങളെ പറ്റിക്കുന്നതിന് പരിധിയുണ്ട്. കേരളത്തിന് നേട്ടമാവുന്ന ഒരു വൻകിട പദ്ധതിയും നടപ്പാക്കാൻ ഈ സർക്കാരിന് കഴിഞ്ഞില്ല. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾക്ക് യു.ഡി.എഫ് സർക്കാർ അധികാരമൊഴിയും മുമ്പേ പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നു.
വിഴിഞ്ഞം പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. പദ്ധതിയുടെ ചുമതലയുള്ള പാവം തുറമുഖ മന്ത്രിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല. ലോക്സഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത പരാജയം നേരിട്ടപ്പോൾ ഇരുകവിളത്തും അടി കിട്ടിയെന്ന് ഞങ്ങളാരും പറഞ്ഞില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വർഗീയത ഇളക്കിവിട്ടു. മുഖ്യമന്ത്രി കസേരയിലിരുന്ന് പിണറായി വിജയൻ മുസ്ലിം ലീഗിനെ വർഗീയമായി ചിത്രീകരിക്കുകയാണ്. കേരളത്തിൽ ബി.ജെ.പിയെ വളർത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ശബരിമല മുതൽ അതു കണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.