kerala

തിരുവനന്തപുരം: വിദേശമദ്യത്തിന്റെ വില നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ 7 ശതമാനം കൂട്ടിയതിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. ഇത് കൈയ്യോടെ നിഷേധിച്ച എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ , ബിവറേജസ് വിലനിർണ്ണയ സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുക മാത്രമാണുണ്ടായതെന്ന് വ്യക്തമാക്കി.

നയപ്രഖ്യാപനചർച്ചയ്ക്കിടെ എഴുതികൊടുത്ത് ഉന്നയിച്ച ആരോപണത്തിൽ, വ്യക്തമായ കാരണങ്ങൾ കൂടാതെ ,ബിവറേജസ് കോർപറേഷൻ ഡയറക്ടർബോർഡ് ശുപാർശ ചെയ്തെന്ന് പറഞ്ഞാണ് സർക്കാർ വിലകൂട്ടിയതെന്ന് എഴുതിക്കൊടുത്ത് ഉന്നയിച്ച ആരോപണത്തിൽ, ചെന്നിത്തല പറഞ്ഞു.. മൂന്ന് വർഷം മുമ്പും ഏഴു ശതമാനം കൂട്ടിയിരുന്നു.ഇതോടെ വിലവർദ്ധന പതിനാല് ശതമാനമായി. എന്നാൽ മുൻസർക്കാർ ആറ് ശതമാനം വർദ്ധനയാണ് വരുത്തിയത്. വില വർദ്ധിച്ചതിലൂടെ മദ്യമുതലാളിമാർക്ക് കോടികളുടെ ലാഭമാണുണ്ടാകുക.വൻകിട മദ്യകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് എന്ന കമ്പനി കേരളത്തിൽ ബിവറേജസ് കോർപ്പറേഷനാവശ്യമായ മദ്യത്തിന്റെ 33% ശതമാനം സപ്ലൈചെയ്യുന്നുണ്ട്. 20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോർപ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനികളും ഒരു മാസം സപ്ലൈ ചെയ്യുന്നത്. ഒരു കെയ്സ് മദ്യത്തിന് 700 രൂപ അടിസ്ഥാനവിലയാക്കി കണക്കാക്കിയാൽ തന്നെ 140 കോടിയുടെ അധികവരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് എല്ലാ മാസവും ലഭിക്കുന്നത്. മദ്യ നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂ‌ട്രൽ ആൽക്കഹോൾ വില 53 രൂപയിൽ നിന്ന് 58 രൂപയായി ഉയർന്നതിന്റെ പേരിലാണ് മദ്യവില കൂട്ടിയത്. ഇത് മദ്യസംഭരണവില കൂട്ടാൻ മതിയായ കാരണമല്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണം നിഷേധിച്ച മന്ത്രി ടി.പി.രാമകൃഷ്ണൻ, ഇ.എൻ.എയുടെ വില 22 രൂപയോളം കൂടിയത് കണക്കിലെടുത്താണ് മദ്യവില കൂട്ടിയതെന്ന് പറഞ്ഞു. മദ്യം വാങ്ങാൻ ഫുൾ ബോട്ടിലിന് 40രൂപയാണ് കൂടുതൽ നൽകേണ്ടിവരിക. ഇതിലൂടെ സർക്കാരിന് 957 കോടിയും ബിവറേജസ് കോർപറേഷന് 9 കോടിയും അധികവരുമാനം കിട്ടും. മദ്യമുതലാളിമാർക്ക് ഒരു ശതമാനമാണ് കൂടുതൽ കിട്ടുക. അത് നിർമ്മാണാവശ്യത്തിന് വിനിയോഗിക്കേണ്ടിവരും.. വില കൂട്ടിയില്ലെങ്കിൽ ഗുണനിലവാരത്തിൽ വെള്ളം ചേർക്കാൻ മദ്യനിർമ്മാതാക്കാൾ മുതിർന്നേക്കുമെന്നും മന്ത്രി പറഞ്ഞു.