കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുംഭകോണങ്ങളുടെ മേളയെന്ന് മുഖ്യമന്ത്രി
നന്ദിപ്രമേയം 32നെതിരെ 75 വോട്ടുകൾക്ക് പാസാക്കി
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ കോടതി പരാമർശമുണ്ടായത് വിസ്മരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഹൈക്കോടതി പരാമർശിച്ചത് ഈ സർക്കാരിന്റെ കാലത്തല്ല, മുൻ സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി
തിരിച്ചടിച്ചു.കുംഭകോണങ്ങളുടെ കുംഭമേളയുമായാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞതെന്നും
അദ്ദേഹം പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നടന്ന നന്ദി പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു ആരോപണ, പ്രത്യാരോപണങ്ങൾ.
ലീഗാണ് യു.ഡി.എഫിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയപ്പോൾ,
ലീഗിനെതിരെ വർഗ്ഗീയത ഇളക്കിവിട്ട് നേട്ടമുണ്ടാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് ചെന്നിത്തല തിരിച്ചടിച്ചു.കോൺഗ്രസിന് കോൺഗ്രസിനും ലീഗിന് ലീഗിന്റെ നയവുമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പരിപ്പിവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.
താൻ ശരിയായ പരിപ്പേ വേവിക്കാറുള്ളുവെന്നും, മതനിരപേക്ഷതക്കെതിരെ എന്തെങ്കിലുമുണ്ടായാൽ പ്രതികരിക്കുക തന്നെ ചെയ്യുമെന്നുമായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.സ്വർണ കള്ളക്കടത്തിൽ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അന്വേഷണം വഴിതെറ്റിയപ്പോൾ അതിനെ എതിർക്കുകയും ചെയ്തു.ഭാസ്‌ക്കര പട്ടേലരും തൊമ്മിമാരുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രയോഗം കോൺഗ്രസിനെ ഓർത്താണ്. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ആലോചിക്കാൻ അവർക്ക് കഴിയുമോ? .ഇൗ സർക്കാർ ധൂർത്ത് നടത്തിയിട്ടില്ല.യു.ഡി.എഫ് ഭരണകാലത്ത് വരുമാനത്തിന്റെ 13.52ശതമാനമായിരുന്ന റവന്യൂ ചെലവ് ഇൗ സർക്കാരിന്റെ കാലത്ത് 11.95ശതമാനമായി കുറഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.
എസ്.ശർമ്മ അവതരിപ്പിച്ച നന്ദിപ്രമേയം 32നെതിരെ 75 വോട്ടുകൾക്ക് സഭ പാസാക്കി. ബി.ജെ.പിയംഗം ഒ.രാജഗോപാലും ,സ്വതന്ത്രൻ പി.സി.ജോർജും പങ്കെടുത്തില്ല.
'പുത്രീ വാത്സല്യത്താൽ
മുഖ്യമന്ത്രി അന്ധനായി'
₹സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്ന് പി.ടി .തോമസ്
തിരുവനന്തപുരം: പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി അന്ധനായിരിക്കുകയാണെന്ന് പി.ടി. തോമസ് നിയമസഭയിൽ പറഞ്ഞു. സ്വർണക്കടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണെന്നും ,സ്വർണക്കടത്തുമായി
ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.ടി. തോമസ് ആരോപിച്ചു.
വിദേശത്തു പോയി പിരിച്ച നൂറുകണക്കിന് കോടികൾ എവിടെയാണ്? എതിരെ മൊഴി നൽകിയപ്പോൾ സ്വപ്നയെ ജയിലിൽ പൊലീസ് സംഘടനാ നേതാവിനെ അയച്ച് ഭീഷണിപ്പെടുത്തുകയാണ്. ലൈഫ് മിഷനിൽ ജോസ് പ്രതിയാണെങ്കിൽ മുഖ്യമന്ത്രിയെ ഒഴിവാക്കാൻ കഴിയുമോ? ഐ.ടിയുടെ മറവിൽ ശിവശങ്കർ സ്വപ്നസുന്ദരികളുമായി ഉലകം ചുറ്റിയിട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലേ? സർക്കാർ അറിയാതെ സ്വപ്നയും ശിവശങ്കറും ചെന്നാൽ ആരെങ്കിലും പണം നൽകുമോ? സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോ? സ്വർണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുകയാണ്. പരസ്യവും പാരിതോഷികവും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ലോകകേരള സഭയുടെ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. കേരളത്തിന് ദുരിതകാലമായിരുന്നെങ്കിൽ, സ്വർണക്കടത്തുകാർക്ക് പ്രളയം കൊയ്ത്തുകാലമായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യസൂത്രധാരനെന്ന് കോടതി പറയുമ്പോൾ മുഖ്യമന്ത്രിയെ എന്തു വിളിക്കണം?. മുഖ്യമന്ത്രിയെ മറയാക്കി പ്രിൻസിപ്പൽ സെക്രട്ടറിയും അഡി.പ്രൈവറ്റ് സെക്രട്ടറിയും തട്ടിപ്പു നടത്തി. രണ്ടാം നവോത്ഥാന നായകനായ പിണറായി അധോലോക നായകനായി മാറാതിരിക്കട്ടെ. സ്വപ്നയുമായി ശിവശങ്കർ വിദേശ യാത്രകൾക്ക് പോയപ്പോൾ ,പച്ചക്കറി വാങ്ങാനാണോ പോയതെന്ന് ചോദിക്കാൻ മുഖ്യമന്ത്രിക്ക് ഉളുപ്പില്ലായിരുന്നോ?- പി. ടി .തോമസ് ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.