തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലുള്ള നിക്ഷേപത്തിന്റെ 11 ശതമാനം സഹകരണ ബാങ്കുകളിലാണെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു. വാണിജ്യ ബാങ്കുകളുൾപ്പെടെ എല്ലാ ബാങ്കുകളിലുമായി 5,44,372 കോടി നിക്ഷേപമുള്ളപ്പോൾ സഹകരണ ബാങ്കുകളിൽ മാത്രം 64,687 കോടി നിക്ഷേപമുണ്ട്. എല്ലാ ബാങ്കുകളും ചേർന്ന് 3,59,274 കോടി രൂപ വായ്പ നൽകിയപ്പോൾ സഹകരണ ബാങ്കുകൾ മാത്രം നൽകിയത് 50,334 കോടി രൂപ. എല്ലാ ബാങ്കുകളും ചേർന്ന് 90,343 കോടിയുടെ ബിസിനസ് നടത്തിയപ്പോൾ സഹകരണ ബാങ്കുകൾ 1,15,021 കോടിയുടെ ബിസിനസ് നടത്തി.
സംസ്ഥാന സർക്കാരിന്റെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെ.എഫ്.സിയുടെ അറ്രലാഭം 18.4 കോടിയായി. കെ.എസ്. എഫ് ഇയുടെ പ്രതിമാസ വിറ്രുവരവ് 23,895 കോടി രൂപയാണ്.
നികുതി വിഹിതം കുറയും
ധനകാര്യ കമ്മിഷൻ മാനദണ്ഡങ്ങൾ മാറ്രിയതിനാൽ കേരളത്തിന്റെ വിഹിതം 2.5 ശതമാനത്തിൽ നിന്ന് 1.94 ശതമാനമായി കുറഞ്ഞിരുന്നു. 2018-19ൽ കേന്ദ്ര നികുതി വിഹിതം 30,427.13 കോടിയായിരുന്നത് 2019-20ൽ 27,636.31 കോടിയായി കുറഞ്ഞു. 2019-20ൽ കേരളത്തിന് കേന്ദ്രസഹായം 11,235.26 കോടിയായിരുന്നു. ജി.എസ്. ടി നഷ്ടപരിഹാരമായ 5,575 കോടി ഉൾപ്പെടെയാണിത്.