sreenarayana-guru-univers

തിരുവനന്തപുരം: കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒാപ്പൺ സർവ്വകലാശാല തുടങ്ങിയത് കേവലം യാദൃശ്ചികമല്ല, അത് പ്രകൃതി കരുതിവെച്ച നിയോഗമാണെന്ന് നടനും എം.എൽ.എയുമായ മുകേഷ് പറഞ്ഞു. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകൻ പവിത്രനുമൊത്ത് നടത്തിയ യാത്രയെ പരാമർശിച്ചാണദ്ദേഹം ഇക്കാര്യം വിവരിച്ചത്. തൃശൂരിലെ ഒരിടത്തുകൂടി പോകുമ്പോൾ അവിടമാകെ തരിശായി കിടക്കുകയായിരുന്നു. ആ സ്ഥലം ചൂണ്ടിക്കാട്ടി പവിത്രൻ പറഞ്ഞു ഇത് ശ്രീനാരായണ ഗുരുവിന്റെ ശാപമാണ്. ഗുരു ഒരിക്കൽ ഇവിടെ വന്നിരുന്നുവെന്നാണ് ചരിത്രം. എല്ലായിടത്തുമെന്ന പോലെ ഇവിടെയും വിദ്യാസമ്പന്നനായ ഒരു പ്രമാണിയെ തേടിപ്പിടിച്ച് പള്ളിക്കൂടം തുടങ്ങാൻ അഭ്യർത്ഥിച്ചു. എന്നാൽ ദേവാസുരത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ പോലെ തികച്ചും ധിക്കാരമായാണ് ആ മാന്യൻ ഗുരുവിനോട് പെരുമാറിയത്. ഇവിടം ഒരിക്കലും തളിരിടില്ലെന്ന് ശപിച്ചാണ് ഗുരു അവിടെ നിന്ന് മടങ്ങിയത്. ഇങ്ങനെ പള്ളിക്കൂടം തുടങ്ങാനും അതിലൂടെ സമൂഹത്തെ ഉദ്ധരിക്കാനും ശ്രമിച്ച ഗുരുവിന്റെ പേരിൽ സർവ്വകലാശാല വന്നത് നാടിന്റെ അനുഗ്രഹമാണ്.

കാഞ്ചീവരമെന്ന പ്രിയദർശൻ സിനിമയിൽ കാഞ്ചീവരം പട്ടുടുക്കാത്ത നെയ്‌ത്തുകാരുടെ പെൺമക്കളുടെ വിധിദോഷമാണ് പറയുന്നത്. കോർപറേറ്റുകൾ വാങ്ങികൊണ്ടുപോകുന്ന പട്ട് നെയ്യാൻ മാത്രമാണവരുടെ വിധി. അതേ ദുർവിധിയാണ് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകനും. അവർക്കൊപ്പം നിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നത് അനുഗ്രഹമാണെന്നും മുകേഷ് പറഞ്ഞു.