തിരുവനന്തപുരം: ഗോവയിൽ ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രീധർ ബി. എസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ഇൻ ഔർ വേൾഡ്' നോൺ ഫിക്‌ഷൻ വിഭാഗത്തിൽ 18-ന് പ്രദർശിപ്പിക്കും. 16 മുതൽ 24 വരെയാണ് മേള.
ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ശ്രീധർ ബി എസ് തിരുവനന്തപുരം സ്വദേശിയാണ്
ഓട്ടിസം ബാധിച്ച മൂന്ന് കുട്ടികളുടെ ജീവിതമാണ് ഡോക്യുമെന്ററിയിൽ. ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിതത്തെപ്പറ്റി അറിവും അവബോധവും സൃഷ്ടിക്കാനാണ് ശ്രമം. മാതാപിതാക്കളും തെറാപ്പിസ്റ്റുകളുമായുള്ള അഭിമുഖങ്ങളും, നീന്തൽ ക്ലാസും കുതിരസവാരിയും സംഗീതപഠനവും ദൈനംദിന
ജീവിത മുഹൂർത്തങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.
ഫിലിം, ടെലിവിഷൻ-ഡിജിറ്റൽ കണ്ടന്റ് ബ്രാൻഡിംഗ്, മാർക്കറ്റിംഗ് മേഖലകളിൽ 22 വർഷത്തെ പരിചയമുള്ള ശ്രീധർ ബി എസ്, ടേണർ ബ്രോഡ്കാസ്റ്റ്, നാഷണൽ ജിയോഗ്രാഫിക്, ഫോക്സ്, ഫോഡ്, ബി എം ഡബ്ല്യു, സോണി മോഷൻ പിക്ചേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. 43 ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സാൾട്ട് സ്റ്റുഡിയോസ് ചെയർമാനായും നാഷണൽ ജിയോഗ്രാഫിക്, ഫോക്സ് ഇന്റർനാഷണൽ ചാനലുകളുടെ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.