കോവളം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറ്റാൻ കഴിയുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ചടുലമായ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. തുറമുഖത്തിന്റെ നിർമ്മാണപുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ അറിയിച്ചത് പ്രകാരം 800 മീറ്റർ ദൈർഘ്യമുള്ള ബെർത്തിന്റെ നിർമ്മാണവും ഡ്രഡ്ജിംഗ്, റീക്ലമേഷൻ പ്രവൃത്തികളും കണ്ടെയ്നർ യാർഡ്, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും പുലിമുട്ട് നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം ഇവയും തയ്യാറാകുമെന്നും അദാനി കമ്പനി അധികൃതർ മന്ത്രിയെ അറിയിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും മന്ത്രിക്കാെപ്പമുണ്ടായിരുന്നു. വിഴിഞ്ഞം പോർട്ട് സി.ഇ.ഒ രാജേഷ് ഝാ, കോർപ്പറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ എന്നിവർ പദ്ധതിയെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.