dd

തൊടുപുഴ: കഴിഞ്ഞ ദിവസം ഇടുക്കി റോഡിലുള്ള സെൻട്രൽ ജുമാ മസ്ജിദിലും വണ്ണപ്പുറം മാർസ്ലീവ ടൗൺ പള്ളിയിലും മോഷണം നടത്തിയ ബി.സി.എ ബിരുദധാരിയായ യുവാവ് പൊലീസ് പിടിയിലായി. കുമളി അണക്കര കളരിക്കൽപറമ്പിൽ ആരോമൽ ബിജുവിനെയാണ് (22) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മൂവാറ്റുപുഴയിലെ മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയിലെ ജോലിക്കാരനാണ്. ടൗൺ ജുമാ മസ്ജിദിലെ മോഷണത്തിനിടെ പതിഞ്ഞ സി.സി ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സി.സി ടിവി ദൃശ്യത്തിൽ പ്രതിയുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും ഇയാൾ വാച്ചും ഇടിവളയും കൈയിൽ ധരിച്ചിരുന്നു. മോഷണസമയത്ത് ധരിച്ചിരുന്ന അതേ പാന്റ്സാണ് ഇന്നലെ പിടികൂടുമ്പോഴും ധരിച്ചിരുന്നത്. ഇതിനു പുറമെ തൊമ്മൻകുത്ത് കപ്പേളയിൽ കവർച്ച നടത്തിയതും ഇയാളാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. വണ്ണപ്പുറം മാർസ്ലീവ പള്ളിയിൽ കടന്ന മോഷ്ടാവ് കവർച്ച നടത്തുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. വേഗത്തിൽ മോഷണം നടത്തി പുറത്തിറങ്ങിയതിനാൽ പരിചയസമ്പന്നനായ മോഷ്ടാവാണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസിന്റെ സംശയം. കവർച്ച നടത്തിയയാളുടെ ചിത്രങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തിരുന്നു. സെൻട്രൽ ജുമാ മസ്ജിദിൽ സാധുജന സഹായ നിധി സമാഹരണത്തിനായുണ്ടായിരുന്ന ബക്കറ്റിൽ നിന്നും 5000 രൂപയാണ് മോഷണം പോയത്. ആദ്യമായാണ് മോഷണം നടത്തുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ മുമ്പ് മോഷണക്കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ ഇന്ന് മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും.