കണ്ണൂർ: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയ്ക്ക് മുറവിളികൾക്ക് ഒടുവിൽ സ്വന്തം കെട്ടിടമാകുമ്പോൾ സമീപത്തായി പെട്രോൾ പമ്പ് കൂടി വരുന്നു. എളമ്പേരം ശ്രീമുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ഇ.കെ. നായനാർ സ്മാരക പൊതുജന വായനശാല നൽകിയ 4.75 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതോട് ചേർന്നാണ് പെട്രോൾ പമ്പും നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഇതോടെ രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്.
ചപ്പാരപ്പടവ് രാമപുരം വാർഡിൽ തളിപ്പറമ്പ് ആലക്കോട് റോഡിന് സമീപത്താണ് മുപ്പത്തിരണ്ടാം നമ്പർ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കൊവിഡിന് മുൻപ് ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു. അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2020 നവംബർ 5ന് ഗ്രാമ പഞ്ചായത്ത് മെമ്പർ സി. ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സജി ഓതറ നടത്തി. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനം തുടങ്ങാനിരിക്കെയാണ് പെട്രോൾ പമ്പ് കൂടി എത്തുന്നത്.
മലിനീകരണ നിയന്ത്രണ വകുപ്പിന്റെ പുതുക്കിയ മാനദണ്ഡപ്രകാരം സ്ഥലത്ത് പെടോൾ പമ്പ് അനുവദിക്കാനാകില്ല. എന്നാൽ ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നതായാണ് ആക്ഷേപം. നിയമത്തെ നോക്കുകുത്തിയാക്കി പെട്രോൾ പമ്പ് പ്രവർത്തനമാരംഭിച്ചാൽ നിലവിലെ കെട്ടിടം പൂർത്തീകരിച്ചാലും രക്ഷിതാക്കൾ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാതെയാകും. പഞ്ചായത്തധികൃതരും മറ്റ് സർക്കാർ വകുപ്പുകളും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.