photo

ചിറയിൻകീഴ്: മലയാള സിനിമയിടെ നിത്യഹരിത നായകൻ പ്രേംനസീർ ഓർമ്മയായിട്ട് 32 വ‍ർഷം പിന്നിടുമ്പോൾ ജന്മനാട്ടിലെ സ്‌മാരകത്തിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. ശാർക്കരയിൽ നിർമ്മിക്കുന്ന സ്‌മാരകത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞ ഒക്ടോബർ 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഉടൻതന്നെ നിർമ്മാണജോലികൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നസീർ കളിച്ചുവളർന്ന ശാർക്കര പറമ്പിന് സമീപമുള്ള മലയാളം പള്ളിക്കൂടത്തിൽ റവന്യൂ വകുപ്പ് സാംസ്‌കാരിക വകുപ്പിന് കൈമാറിയ 72 സെന്റ് സ്ഥലത്താണ് സ്‌മാരകം ഉയരുന്നത്. നാലുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്‌മാരകം ബഡ്‌ജറ്റിൽ നിന്നും 1.33 കോടി രൂപയും ഡെപ്യൂട്ടി സ്‌പീക്കർ വി. ശശിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും വിനിയോഗിച്ചാണ് നിർമ്മിക്കുക. ബാക്കി തുക പിന്നീട് അനുവദിക്കും. 1394 ചതുരശ്ര മീറ്ററിൽ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന സ്‌മാരകത്തിൽ പ്രേംനസീറിന്റെ മുഴുവൻ സിനിമകളുടെയും ശേഖരം, ലൈബ്രറി, മിനി തിയേറ്റർ, താമസസൗകര്യം, ചലച്ചിത്ര പഠനത്തിനുള്ള സൗകര്യം എന്നിവയുണ്ടാകും.