പൂവാർ: തീരദേശ മേഖലയിൽ മഴയൊന്ന് ചാറിയാൽ റോഡ് തോടായി മാറും. അതോടെ റോഡ് മുഴുവൻ അപകടക്കെണിയാവും. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള റോഡുകൾ തകർന്നിട്ട് വർഷങ്ങളായി. എങ്ങും കുണ്ടും കുഴിയും മാത്രം. കുഴികളിൽ ആഴ്ചകളോളമായി ചെളിവെള്ളം നിറഞ്ഞ് നിൽക്കുന്നു. മഴ ശക്തമാകുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറും. മുൻകാലങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സിന്റെ സഹായത്തോടെ വെള്ളം പമ്പ് ചെയ്ത് കടലിലേക്ക് ഒഴുക്കിവിടാറുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യാറില്ല.
മലിനജലം ആഴ്ചകളോളം വീട്ടുപരിസരത്ത് കെട്ടി നിൽക്കുന്നതിനാൽ പകർച്ചവ്യാധി ഭീതിയിലാണ് പ്രദേശവാസികൾ. ആരോഗ്യ പ്രവർത്തകരോ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളാേ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഓട ഒഴിവാക്കിയുള്ള അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ പല സ്ഥലങ്ങളിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ഓട നിർമ്മിക്കാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നു. റോഡിൽ നിർമ്മിക്കുന്ന ഓടകൾ കടലിൽ തുറക്കാൻ കഴിയണം. പലയിടത്തും അതിന് കഴിയുന്നില്ല. ഇത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. പൊതുസ്ഥലങ്ങൾ കൈയേറി അനധികൃത നിർമ്മാണം നടത്തുന്നവർ പൊതുവഴികളും ഓടകളും കെട്ടിയടയ്ക്കുന്നു. ഇവർക്കെതിരെ നടപടിയെടുക്കാൻ ഗ്രാമ പഞ്ചായത്ത് തയ്യാറാവുന്നില്ലെന്നാണ് പ്രദേശത്തെ സാംസ്കാരിക സംഘടനാ പ്രവർത്തകർ പറയുന്നത്. തീരദേശത്ത് ധാരാളം പുറമ്പോക്ക് ഭൂമിയുണ്ട്. ഓട നിർമ്മിക്കാൻ ആരും സ്വകാര്യ ഭൂമി വിട്ടു നൽകേണ്ടതില്ലെന്നും അവർ പറഞ്ഞു.
തകർന്നത് പ്രധാന റോഡുകൾ
പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമ പഞ്ചായത്തുകളിലെ പ്രധാന റോഡാണ് വിഴിഞ്ഞം പൂവാർ റോഡ്. തീരപ്രദേശത്തെ ബസ് സർവീസുള്ള പ്രധാന റോഡ് ഇതാണ്. കൂടാതെ തീരത്തോട് ചേർന്നുള്ള ബീച്ച് റോഡും ഇവയ്ക്ക് നടുവിലൂടെ കടന്നുപോകുന്ന ഗോതമ്പ് റോഡുമാണ് പ്രദേശവാസികൾ കൂടുതലായും ഉപയോഗിക്കുന്നത്.
ഓടയില്ല
ഈ മൂന്ന് റോഡുകളിലും മലിനജലം ഒഴുകി പോകാൻ ആവശ്യമായ ഓട നിർമ്മിച്ചിട്ടില്ല. മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിവരുന്ന മലിനജലം റോഡിൽ കെട്ടിക്കിടക്കും. ഇതിന് മുകളിലൂടെയാണ് ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ കടന്ന് പോകുന്നത്. കാൽനട യാത്ര തീർത്തും ദുസഹമാകും.
ഫണ്ട് അനുവദിച്ചിട്ടും അലസത മാറുന്നില്ല
ഗോതമ്പ് റോഡിന്റെ നവീകരണത്തിന് 6 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. എന്നാൽ പ്രവർത്തനം മാസങ്ങളായി മന്ദഗതിയിലാണ് നടക്കുന്നത്.
കരുംകുളം കൊച്ചുതുറയിലെ മെയിൻ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
എം. ചിഞ്ചു, കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ക്യാപ്ഷൻ: കരുംകുളം കൊച്ചുതുറയിൽ പ്രധാന റോഡിൽ നിന്നും മലിനജലം ഒഴുകിപ്പോകാൻ കഴിയാത്തതിനെ തുടർന്ന് റോഡ് തോടായപ്പോൾ