തിരുവനന്തപുരം: കേരളത്തെ നോളജ് സമ്പദ് വ്യവസ്ഥയിലേക്ക് വളർത്തണമെന്നും അതു ലക്ഷ്യംവച്ചാണ് ഈ ബഡ്ജറ്ര് തയ്യാറാക്കിയതെന്നും ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരണത്തിനുശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഉപജീവനത്തിന് മാർഗമൊരുക്കാനാണ് ശ്രമം. ഇതിനായി വ്യവസായ നിക്ഷേപത്തിനുള്ള ഭൂമി ഇടപാടിലെ സ്റ്രാമ്പ് ഡ്യൂട്ടികുറയ്ക്കും, വൈദ്യുതി നിരക്കിൽ പത്ത് ശതമാനം ഇളവ് നൽകും.
സ്ത്രീകൾക്ക് തൊഴിൽ
അഭ്യസ്തവിദ്യരായ സ്ത്രീകളിൽ 27 ശതമാനം മാത്രമാണ് തൊഴിൽ ചെയ്യുന്നത്. ഡിജിറ്രൽ പ്ളാറ്ര് ഫോമിലൂടെ ഇവർക്ക് തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. പി.എഫ് സർക്കാർ അടയ്ക്കും. അഞ്ചുവർഷം കൊണ്ട് 20ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കും. വിദേശത്തെ തൊഴിലുകൾ കേരളത്തിലിരുന്നു ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇവർക്ക് അറിവും പരിശീലനവും നൽകാൻ
30 മികവ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉപജീവനപദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് വീടില്ലാത്തവരും മാരകമായ അസുഖം ബാധിച്ചവരും കുടുംബത്തിലുള്ളവർക്ക് മുൻഗണന നൽകും.