1

തിരുവനന്തപുരം: 'എത്ര താഴ്ചകൾ കണ്ടവർ നമ്മൾ, എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ, എത്ര തീയിൽ അമർന്നവർ നമ്മൾ, ഉയർത്തെണീക്കാനായ് ജനിച്ചവർ നമ്മൾ, മരിക്കിലും ഒരിക്കലും തോൽക്കില്ല നമ്മൾ''- ഹെയ്സ് ജാക്സൻ എന്ന പത്താം ക്ളാസുകാരന്റെ ഈ വരികളായിരുന്നു മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിലെ മറ്റൊരു താരം. കിഫ്ബിയ്ക്കെതിരെയും ട്രഷറി സേവിംഗ്സ് ബാങ്കിനെതിരെയും സംഘടിത നീക്കം നടക്കുന്നുണ്ടെന്ന പരമാർശത്തിന് ശേഷമാണ് ഹെയ്സിന്റെ കവിതയിലെ നാല് വരികൾ ധനമന്ത്രി ഉദ്ധരിച്ചത്. മുട്ടട ടി.സി 24/58 സ്‌പാരോ കോട്ടേജിലെ സജു ജാക്സൻ മേരി ജെന്റിൽഡ ദമ്പതികളുടെ മകനായ ഹെയ്സ് ജാക്സൻ പാളയം സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.

കുട്ടികളുടെ സർഗശേഷി പ്രകാശിപ്പിക്കുന്നതിന് വിദ്യാഭ്യാസവകുപ്പിന്റെ 'അക്ഷരവൃക്ഷം" എന്ന പദ്ധതിയിലൂടെ ലഭിച്ച രചനകളിൽ നിന്നാണ് ഹെയ്സിന്റെ കവിത തിരഞ്ഞെടുത്തത്.

കേരളം നാല് വർഷത്തിനിടയിൽ ഒരുപാട് ദുരന്തങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. എന്നാൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് അതിനെയെല്ലാം നേരിട്ടുവെന്നാണ് കവിതയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹെയ്സ് ജാക്സൻ 'കേരള കൗമുദി"യോട് പറഞ്ഞു. നിയമസഭ രേഖയിൽ തന്റെ കവിതയും പേരും രേഖപ്പെടുത്തിയതിൽ അഭിമാനമുണ്ടെന്നും ഹെയ്സ് പറഞ്ഞു.

കഥകളും ലേഖനങ്ങളുമെഴുതുന്ന ആളാണ് ഹെയ്സ്. എന്നാൽ കവിതയിലേക്കുള്ള തുടക്കമെന്ന നിലയിലാണ് ഈ വരികൾ എഴുതിയത്. ശാസ്ത്രജ്ഞനാകണമെന്നാണ് ആഗ്രഹം. മാതാവ് മേരി ജെന്റിൽഡ ഹെയ്സ് പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപികയാണ്. ഇന്റിരീയർ ഡിസൈനറായ പിതാവ് സജു ജാക്സനും കഥകളും ലേഖനവും എഴുതാറുണ്ട്.