metro

തിരുവനന്തപുരം: കോഴിക്കോട്,തിരുവനന്തപുരം നഗരങ്ങളിൽ വർഷങ്ങളായി പരിഗണിക്കുന്ന ലൈറ്റ്മെട്രോ പദ്ധതിക്ക് കേന്ദ്രനിർദ്ദേശപ്രകാരം പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആർ) ഉടൻ തയ്യാറാവുമെന്ന് മന്ത്രി തോമസ് ഐസക് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിനനുസരിച്ചാണ് പദ്ധതി രേഖ പുതുക്കേണ്ടത്.

കേന്ദ്രത്തിന്റെ പുതിയ മെട്രോനയത്തിൽ തട്ടി ലൈറ്റ്മെട്രോ പദ്ധതി തടസപ്പെട്ടിരിക്കുകയായിരുന്നു. കേന്ദ്രം നയം വ്യക്തമാക്കിയ ശേഷം ഡി.പി.ആർ അയയ്ക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, പദ്ധതി വൈകിയാൽ ചെലവ് താങ്ങാനാവില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ മുന്നറിയിപ്പ് നൽകിയതോടെ, സർക്കാർ പുന:പരിശോധന നടത്തി. പുതുക്കിയ പദ്ധതിരേഖ മന്ത്രിസഭ അംഗീകരിച്ചശേഷം കേന്ദ്രാനുമതിക്ക് അയയ്ക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം, സ്വകാര്യ പങ്കാളിത്തം, ദീർഘകാല വായ്പ എന്നിങ്ങനെ നാലു തരത്തിലാണ് പണം കണ്ടെത്തേണ്ടത്.

6728 കോടിയുടെ പദ്ധതിയിൽ 150 കോടിക്കാണ് സ്വകാര്യപങ്കാളിത്തം. അതും ടിക്കറ്റ് വിതരണം, എലിവേറ്റർ, ലിഫ്‌റ്റ് എന്നിവയിൽ മാത്രം. 1.35 ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ ഫ്രഞ്ച് ഏജൻസി സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഈ വായ്പയ്ക്ക് 25 വർഷം തിരിച്ചടവും 5വർഷം മോറട്ടോറിയവും ലഭ്യമാവും. വിദേശ വായ്പയെടുക്കാൻ കേന്ദ്രസർക്കാരിന്റെ ഗ്യാരന്റി വേണം. അടുത്തിടെ അനുമതി നൽകിയ പൂനെ മെട്രോയ്ക്ക് കേന്ദ്രം 1300 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചിരുന്നു. കിഫ്ബിയിൽ നിന്ന് പണം കണ്ടെത്താനും ശ്രമിക്കുന്നു.

ട്രിവാൻഡ്രം മെട്രോ
റൂട്ട്: ടെക്നോസിറ്റി-കരമന
ദൂരം: 21.48 കിലോമീറ്റർ
ചെലവ്: 4673കോടി

കോഴിക്കോട് മെട്രോ

റൂട്ട്: മെഡി.കോളോജ്-മീഞ്ചന്ത
ദൂരം: 13.3 കിലോമീറ്റർ
ചെലവ്: 2773കോടി