thomas-isaac-

കാലാവധി തീരാൻ നാളുകൾ മാത്രമുള്ള സർക്കാരിന്റെ അവസാന ബഡ്‌ജറ്റിന് സാധാരണ ഗതിയിൽ വലിയ പ്രാധാന്യമൊന്നും കല്പിക്കാറില്ല. ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റുന്നതിനപ്പുറം അതിനു പ്രസക്തിയുമില്ല. എന്നാൽ പിണറായി സർക്കാരിന്റെ ഈ അവസാന ബഡ്ജറ്റ് വളരെയധികം സവിശേഷതകൾ അടങ്ങിയതാണ്. ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് പുസ്തകവുമായി നിയമസഭയെ അഭിസംബോധന ചെയ്ത ധനമന്ത്രി ഡോ. തോമസ് ഐസക് അതിവിശാലമായ ഒരു ബഡ്ജറ്റ് കാൻവാസ് തന്നെയാണ് സംസ്ഥാനത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപനങ്ങളുടെയും പുതുസമ്മാനപ്പൊതികളുടെയും ഘോഷയാത്ര തന്നെ. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിൽ ഉള്ളവരുൾപ്പെടെ എല്ലാ മേഖലകളിലുള്ളവർക്കും ആശ്വാസം നൽകുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ബഡ്ജറ്റ്. തുടർച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതികൂല സാമ്പത്തിക പരിതസ്ഥിതിയിലും എല്ലാത്തരം സാമൂഹ്യ സുരക്ഷാ പെൻഷനുകളും വർദ്ധിപ്പിക്കാൻ ധനമന്ത്രി തയ്യാറായി. വീണ്ടും അധികാരത്തിലേറിയാൽ അഞ്ചുവർഷം കൊണ്ട് എട്ടുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നിരവധി പദ്ധതികളെക്കുറിച്ച് പറഞ്ഞു. കാർഷിക മേഖലയുടെ ഉണർവിനും വ്യവസായ മേഖലയുടെ ഉയർച്ചയ്‌ക്കും വിദ്യാഭ്യാസ - ആരോഗ്യ മേഖലകളുടെ ഉന്നതിക്കും പര്യാപ്തമായ ഒട്ടേറെ പുതിയ പദ്ധതികൾ അനാവരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയടക്കം വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള വലിയ മുതൽമുടക്കുള്ള പദ്ധതികൾക്കും പഞ്ഞമുണ്ടായില്ല. മൊത്തത്തിൽ നോക്കുമ്പോൾ സാധാരണ ബഡ്ജറ്റ് ദിനങ്ങളിൽ അനുഭവപ്പെടാറുള്ള രോഷവും നിർമ്മമത്വവുമൊക്കെ പൂർണമായും ഒഴിഞ്ഞുനിന്ന ജനപ്രിയ ബഡ്ജറ്റാണ് ധനമന്ത്രി കൊണ്ടുവന്നതെന്നു നിസംശയം പറയാം.

തുടർച്ചയായ രണ്ടു പ്രളയങ്ങളും തുടർന്ന് എത്തിയ കൊവിഡ് മഹാമാരിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കു നടുവിലാണ് എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബഡ്ജറ്റിന് ധനമന്ത്രി രൂപം നൽകിയത്. പ്രതികൂല സാഹചര്യങ്ങളും അവസരങ്ങളായി മാറ്റിയെടുക്കുക എന്ന സമീപനം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം മൊത്തത്തിൽ സ്വീകാര്യമായ ബഡ്ജറ്റ് നിർദ്ദേശങ്ങളുമായി എത്തിയതെന്നു കരുതാം. സൂക്ഷ്മമായി നോക്കിയാൽ മുൻ ബഡ്ജറ്റിന്റെ നല്ല രൂപത്തിലുള്ള ഒരു തുടർച്ചയാണ് പുതിയ ബഡ്ജറ്റ് എന്നു കാണാം. കൃഷി, വ്യവസായ, വിദ്യാഭ്യാസ മേഖലകളിൽ വലിയ തോതിൽ മാറ്റം വരുത്താനാകുന്ന കുറെ പുതിയ പദ്ധതി നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. റബർ, നാളികേരം, നെല്ല് എന്നിവയുടെ താങ്ങുവില കൂട്ടിയതും പുതിയ മൂന്ന് വ്യവസായ ഇടനാഴിയുടെ വർദ്ധിച്ച തോതിൽ അടങ്കൽ ഉൾക്കൊള്ളിച്ചതും വികസനരംഗത്ത് നേട്ടമാകേണ്ടതാണ്. പുതിയ പദ്ധതികളിൽ പലതിന്റെയും നടത്തിപ്പ് 'കിഫ്‌‌ബി" മുഖേനയാക്കുന്നതിനെതിരെ വിമർശനം ഉയർന്നേക്കാമെങ്കിലും അടിസ്ഥാന വികസനരംഗത്തെ കരുത്തുറ്റ സാന്നിദ്ധ്യമായി ഈ സ്ഥാപനം വളർന്നുകഴിഞ്ഞു എന്ന യാഥാർത്ഥ്യം മറക്കരുത്. വിവിധ ക്ഷേമപെൻഷൻ വാങ്ങുന്നവരായി അറുപതു ലക്ഷത്തോളം പേരാണുള്ളത്. നിലവിൽ 1500 രൂപയാണ് പ്രതിമാസ പെൻഷനായി നൽകുന്നത്. അത് ഏപ്രിൽ ഒന്നു മുതൽ 1600 രൂപയായിട്ടാണ് വർദ്ധിപ്പിച്ചത്. അതുപോലെ അംഗൻവാടി ആയമാർ, പാചകത്തൊഴിലാളികൾ, പ്രവാസികൾ, പത്രപ്രവർത്തകരും പത്രജീവനക്കാരും തുടങ്ങി നിരവധി മേഖലകളിലുള്ളവർക്ക് പെൻഷൻ വർദ്ധന ലഭ്യമാകും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള വർദ്ധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ലക്ഷക്കണക്കിനു കുടുംബങ്ങളിൽ ആഹ്ളാദം എത്തിക്കും. തിരഞ്ഞെടുപ്പിൽ കണ്ണുവച്ചുകൊണ്ടാണെങ്കിലും റേഷൻകടകൾ വഴിയുള്ള സൗജന്യ കിറ്റ് വിതരണം തുടരുമെന്ന പ്രഖ്യാപനവും സ്വാഗതം ചെയ്യപ്പെടും. നീല, വെള്ള കാർഡുകാർക്ക് മാസം 10 കിലോ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യാനുള്ള തീരുമാനവും കൈയടി നേടിത്തരുന്നതാണ്.

ഈ വർഷം ആരോഗ്യവകുപ്പിൽ 4000 പുതിയ തസ്തിക സൃഷ്ടിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. . കാരുണ്യ ബെനവലന്റ് ഫണ്ട് തുടർന്നും മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

അഭ്യസ്തവിദ്യർക്കായി വിപുലമായ പദ്ധതികളാണ് ബഡ്ജറ്റിലുള്ളത്. തൊഴിൽനൈപുണ്യ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി അൻപതുലക്ഷം യുവതീയുവാക്കൾക്കു പരിശീലനം നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്‌ത്രീകൾക്കു വേണ്ടിയും പുതിയ തൊഴിൽ പദ്ധതികൾ കൊണ്ടുവരും. കെ.ഫോൺ പദ്ധതി അടുത്തമാസം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം എത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇതോടൊപ്പം ലാപ്ടോപ്പുകളുടെ വിതരണത്തിനുള്ള പദ്ധതിയും വിപുലമാക്കും.

കാർഷിക മേഖലയിൽ രണ്ടുലക്ഷവും കാർഷികേതര മേഖലയിൽ മൂന്നുലക്ഷവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു ധനമന്ത്രി പറയുന്നത്. കാർഷിക മേഖലയിൽ ആളെ കിട്ടാത്തതിന്റെ രൂക്ഷത അനുഭവിക്കുന്ന സംസ്ഥാനമാണിത്. തൊഴിലവസരം ഇല്ലാത്തതല്ല, ഈ മേഖലയിലേക്കു വേണ്ടത്ര ആൾക്കാർ വരുന്നില്ലെന്നതാണു പ്രശ്നം. പുതിയ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകിയും ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾ വൻതോതിൽ ആരംഭിച്ചും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതികൾ ബഡ്ജറ്റിലുണ്ട്. ലൈഫ് മിഷൻ വഴി അടുത്തവർഷം ഒന്നരലക്ഷം വീടുകൾ നൽകുമെന്ന പ്രഖ്യാപനം വലിയൊരു വിഭാഗം പേർക്ക് ആശ്വാസം പകരുന്നതാണ്. കുടുംബശ്രീ, കെ.എസ്.ആർ.ടി.സി തുടങ്ങിയവയ്ക്ക് കവിഞ്ഞ തോതിൽ വിഹിതം അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് 1000 കോടി രൂപയാകും ലഭിക്കുക.

കെ.എഫ്.സി, കെ.എസ്.എഫ്.ഇ, ലോട്ടറി തുടങ്ങിയ സ്ഥാപനങ്ങൾ കൂടുതൽ ലാഭകരമാക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിലുണ്ട്. ഗൃഹനാഥകൾക്കായി 'സ്മാർട്ട് കിച്ചൻ" പദ്ധതിയുമായി കെ.എസ്.എഫ്.ഇ വരുമെന്നാണ് ധനമന്ത്രി പറഞ്ഞത്. വായ്‌പകളിലൂടെ ആവശ്യമായ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള ഈ സ്കീമിന് വലിയ സ്വീകാര്യത ലഭിക്കും.

തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന പുതിയ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ബഡ്ജറ്റ് പുതുക്കി അവതരിപ്പിക്കുമ്പോൾ ഇപ്പോഴത്തെ നിർദ്ദേശങ്ങൾ അതേപടി ഉണ്ടാകുമോ എന്ന് പറയാനാവില്ല. ഭരണത്തുടർച്ച പ്രതീക്ഷിച്ചുകൊണ്ടുള്ളതാണ് ഈ ബഡ്ജറ്റെന്നു തീർച്ചയാണ്. തദ്ദേശതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയമാണ് എൽ.ഡി.എഫ് സർക്കാർ അനുകൂലമായി കാണുന്നത്. ധനമന്ത്രി കൊണ്ടുവന്ന ബഡ്ജറ്റ് അതിന് അനുസരണമായിട്ടുള്ളതു തന്നെയാണ്. മൂന്നുമണിക്കൂർ ഇരുപതു മിനിട്ട് നീണ്ടുപോയിട്ടും പ്രതിപക്ഷ നിരകളിൽ നിന്ന് ഒരിക്കൽ പോലും ഒരു അപശബ്ദം ഉയർന്നില്ലെന്നതും ധനമന്ത്രിയുടെ യത്നം പാഴായില്ലെന്നതിനു തെളിവാണ്.