photo

പാലോട്: പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസത്രജ്ഞ‌‌ർ പുതിയ സസ്യത്തെ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കോറം - കാനായികാനം ചെങ്കൽപ്പരപ്പുകളിൽ നിന്നാണ് 'യൂപ്ലോക്ക ബാക്ലി എന്നറിയപ്പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തിയത്. ആഫ്രിക്കയിലെ ചില മേഖലകളിലായി വ്യാപിച്ചിരിക്കുന്ന സാവന്ന ചതുപ്പുകളിൽ മാത്രം കാണപ്പെടുന്ന തദ്ദേശീയ ജൈവയിനമാണ് യൂപ്ലോക്ക ബാക്ലി. ഗോണ്ട്വാന വൻകരയിൽ ഭാഗമായിരുന്ന ആസ്ട്രേലിയ, ആഫ്രിക്ക, മെഡഗീസ്ക്കർ, സൗത്ത് അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ മാത്രമാണ് ബോറാജിനെസീ സസ്യ കുടുംബത്തിലെ യുപ്ളോക്ക എന്ന ജീനസ് കാണപ്പെടുന്നത്. ആഫ്രിക്കൻ സാവന്നകളിലേതിന് സമാനമായ വടക്കൻ കേരളത്തിലെ ചെങ്കൽ തരിശുകളിൽ വ്യാപിച്ചിരിക്കുന്ന വരണ്ട പുൽമേടുകളാണ് ഇവക്ക് ആവാസം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഈ കണ്ടെത്തൽ ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം അതിപ്രാചീന ഉഷ്ണമേഖല ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വിഭജനം അതിലൂടെയുള്ള സസ്യവർഗങ്ങളുടെ വിദൂര വിഭജനം എന്നീ സിദ്ധാന്തങ്ങളെ കൂടുതൽ സാധൂകരിക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ. ടി. ഷാജു, ഡോ. എം. രാജേന്ദ്രപ്രസാദ്, എം.പി. റിജുരാജ്, സ്ഥാപനത്തിലെ മുൻ ഡയറക്ടർ ഡോ. എ.ജി. പാണ്ഡുരംഗൻ, പയ്യന്നൂർ കോളേജിലെ പ്രൊഫ. ഡോ. എം.കെ. രതീഷ് നാരായണൻ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് കണ്ടെത്തിയത്. 'എബ്രഹാമിയ' എന്ന അന്താരാഷ്ട്ര ജേർണലിന്റെ പുതിയ ലക്കത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.