തിരുവനന്തപുരം:നെടുമങ്ങാട് താലൂക്കിൽ വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യേണ്ട ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങൾ വിതരണ അനുമതി ഇല്ലാതെ കടകളിൽ കെട്ടിക്കിടന്ന് നശിക്കുന്നതായി പരാതി.സെപ്റ്റംബർ മാസത്തിൽ വെള്ള ,നീല കാർഡുകൾക്ക് 15 രൂപ നിരക്കിൽ നൽകേണ്ട സ്പെഷ്യൽ അരി വിതരണത്തിനായി കടകളിൽ എത്തിച്ചത് സെപ്തംബർ മാസം അവസാനമായതിനാൽ വിതരണം പൂർത്തിയാക്കാതെ കെട്ടികിടക്കുന്ന അരിയാണ് നശിക്കുന്നത്. ഇങ്ങനെ ഓരോ കടകളിലും അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ മുടക്കി എടുത്ത ഭക്ഷ്യധാന്യങ്ങൾ നിലവിൽ വിളക്കാനാവാതെ കെട്ടികിടക്കുകയാണ്.നെടുമങ്ങാട് താലൂക്കിൽ 3515.4247 ക്വിന്റൽ ഭക്ഷ്യധാന്യം സ്പെഷ്യൽ വിഭാഗത്തിലും കൂടാതെ പ്രധാനമന്ത്രി സ്കീമിലുൾപ്പെട്ട 3815 ക്വിന്റൽ അരിയും 178 ക്വിന്റൽ ഗോതമ്പും കടകളിൽ കെട്ടികിടക്കുന്നുണ്ട്.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമുള്ള അരി വിതരണം നവംബർമാസം അവസാനിച്ചപ്പോൾ പല കടകളിലും ക്വിന്റൽ കണക്കിന് ഭക്ഷ്യധാന്യം ബാക്കി വരികയും നവംബർ മാസം വിതരണം നടത്തുവാൻ സാധനങ്ങൾ ലഭിക്കാതെ കാർഡുടമകൾക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യം നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായി.ഇങ്ങനെ കടകളിലുള്ള ഭക്ഷ്യധാന്യങ്ങൾ നവംബർ മാസം ലഭിക്കാത്ത കാർഡുടമകൾക്ക് വിതരണം നടത്തുന്നതിനോ അല്ലെങ്കിൽ എ.എ.വൈ , മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി വിതരണം നടത്തുന്നതിനോ അനുമതി നൽകണമെന്നും സൗജന്യ ഭക്ഷ്യകിറ്റിന്റെ കമ്മീഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് അശോക് കുമാർ ,ജനറൽ സെക്രട്ടറി പ്രവീൺ.പി.എൽ എന്നിവർ ആവശ്യപ്പെട്ടു.