വരുന്നത് വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ് റോഡിനു ചുറ്റുമായി
തിരുവനന്തപുരം:ബഡ്ജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച തലസ്ഥാന വികസന പദ്ധതി നടപ്പായാൽ തിരുവനന്തപുരം വേറെ ലെവലായിരിക്കും. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്ററിൽ ആറുവരിപ്പാത, ഇരുവശത്തുമായി പതിനായിരം ഏക്കറിൽ നോളഡ്ജ് ഹബുകൾ, വ്യവസായ പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിങ്ങനെ തലസ്ഥാനത്തിന് ഒരു നഗരം പടുത്തുയർത്താനാണ് ഐസകിന്റെ സ്വപ്നപദ്ധതി. 25000 കോടിയുടെ നിക്ഷേപവും രണ്ടരലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളുമാണ് ലക്ഷ്യം. ഇതോടെ തലസ്ഥാനത്തിന്റെ തലവര തെളിയുമെന്നാണ് പ്രതീക്ഷ. വികസനത്തിനായി കമ്പനി ഉടൻ രജിസ്റ്റർ ചെയ്യും. പിന്നീട് ഈ മേഖലയിൽ ആരെങ്കിലും ഭൂമി വിൽക്കാൻ തയ്യാറായാൽ കമ്പോളവിലയ്ക്ക് സർക്കാർ വാങ്ങും. വില പണമായി വേണ്ടാത്തവർക്ക് ലാൻഡ് ബോണ്ടായി നൽകും. ഭൂമി വിൽക്കാൻ താത്പര്യമില്ലാത്തവർക്ക് ലാൻഡ് പൂളിംഗ് പദ്ധതിയുടെ ഭാഗമാവാം. കൈവശമുള്ള ഭൂമിക്ക് പത്തുവർഷം കൊണ്ട് നാലിരട്ടി വിലവർദ്ധന ഉറപ്പുനൽകും. അല്ലെങ്കിൽ നാലിരട്ടി വിലയ്ക്ക് കമ്പനി ഭൂമി വാങ്ങും. കമ്പനി ഭൂമിയേറ്റെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി സംരംഭകർക്ക് കൈമാറും.പദ്ധതിക്കായി നൂറുകോടിയുടെ പ്രാരംഭവിഹിതവും ബഡ്ജറ്റിലുണ്ട്. ന്യൂഡൽഹിക്ക് ഗുഡ്ഗാവ് എന്നപോലെ, 214ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള തലസ്ഥാനത്തിന് പതിനായിരം ഏക്കറിൽ ഉപഗ്രഹനഗരമുണ്ടാക്കാനാണ് പദ്ധതി. വ്യാപാരകേന്ദ്രങ്ങളും ജനവാസ മേഖലകളും മാളുകളും ആശുപത്രികളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം അടങ്ങുന്നതാവും ഉപഗ്രഹനഗരം. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉപഗ്രഹനഗരം വരുന്നത്. നഗരത്തിന്റെ നട്ടെല്ലുപോലെ വരുന്ന ഔട്ടർ റിംഗ് റോഡിന് ഇരുവശത്തുമായാണ് ഉപഗ്രഹനഗരം ഉയരുക. ആഗോളതലത്തിൽ പ്രശസ്തരായ ആർക്കിടെക്ടുമാർ,നഗരാസൂത്രണ സ്ഥാപനങ്ങൾ, ദേശീയ-അന്തർദേശീയ എൻ.ജി.ഒകൾ എന്നിവയെല്ലാം ചേർന്നാവും ഉപഗ്രഹനഗരം ഒരുക്കുക. അടുത്ത 30 വർഷത്തെ എല്ലാ ആവശ്യങ്ങളും മുന്നിൽക്കണ്ട് ഏറ്റവും മികച്ച ആസൂത്രണത്തോടെയാവും ഉപഗ്രഹനഗരത്തിന്റെ നിർമ്മാണം. താമസ,വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങൾ എവിടെയൊക്കെയാവണമെന്ന് മാസ്റ്റർപ്ലാനിലുണ്ടാവും. ദേശീയപാതാ അതോറിട്ടിക്കാണ് 80കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർറിംഗ് റോഡിന്റെ നിർമ്മാണച്ചുമതല. ഭൂമിയേറ്റെടുക്കൽ പൂർത്തിയായാൽ മൂന്നുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.
വരുന്നത് വമ്പൻ റോഡ്
കേന്ദ്ര സർക്കാരിന്റെ കാപിറ്റൽ റീജിയണൽ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായുള്ള ഔട്ടർറിംഗ് റോഡ് വിഴിഞ്ഞം ബൈപാസിൽ നിന്നാരംഭിച്ച് വെങ്ങാനൂർ,അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ,കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, തീക്കട, തെമ്പാമൂട്, പുളിമാത്ത്, നാവായിക്കുളം വഴി കടന്നുപോകും.
എഴുപത് മീറ്റർ വിസ്തൃതിയിലാണ് ആറുവരിപ്പാത. ഇരുവശത്തും 10മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാവും. 500 ഹെക്ടറോളം ഭൂമിയേറ്റെടുക്കാൻ 2829 കോടി ചെലവുണ്ട്. പകുതി ചെലവ് സംസ്ഥാനം മുൻകൂറായി കേന്ദ്രത്തിന് നൽകണം. ഇതുമാത്രമാണ് റോഡ് പദ്ധതിയിൽ സർക്കാരിനുള്ള മുടക്ക്. ആകെ നിർമ്മാണ ചെലവ് 4868 കോടിയാവും.
നഗരം വളരും
താമസം, ജോലി, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ, ഐ.ടി, വിനോദം, കായികം, ടൂറിസം മേഖലകളിലെല്ലാം 24മണിക്കൂർ പ്രവർത്തിക്കുന്നതാവും ഉപഗ്രഹനഗരം.
ടൗൺഷിപ്പുകളും എട്ട് സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്സ്-ട്രാൻസ്പോർട്ട് സോണുകളുണ്ടാവും.
വിദേശസഹായമായും വിദേശവായ്പയായും സ്വകാര്യ പങ്കാളിത്തമായും പൊതു-സ്വകാര്യ പങ്കാളിത്തമായുമെല്ലാം പണം കണ്ടെത്തും.
സ്വകാര്യ പാർപ്പിടസമുച്ചയ കേന്ദ്രങ്ങൾക്ക് സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറില്ല, പാട്ടവുമില്ല. പൂർണമായും സ്വകാര്യനിക്ഷേപത്തിലായിരിക്കും ഇവ ഉയരുക.