വേണ്ടത് വോട്ട് വോൺ അക്കൗണ്ട്: മേരി ജോർജ്ജ്
തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി തീരാറായിരിക്കെ പൂർണ ബഡ്ജറ്റിന് പകരം വോട്ട് വോൺ അക്കൗണ്ടായിരുന്നു വേണ്ടിയിരുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധ മേരി ജോർജ്ജ് പറഞ്ഞു. പൂർണ ബഡ്ജറ്റ് കൊണ്ടുവരാൻ കാരണം തന്നെ അടുത്ത തവണത്തെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ്. ജനങ്ങളെ സന്തോഷിപ്പിക്കാൻ മാത്രമുള്ള ബഡ്ജറ്റാണ്. ക്ഷേമ പെൻഷനും റബറിനും നെല്ലിനുമെല്ലാം തറവില പ്രഖ്യപിച്ചിട്ടുണ്ട് ഇത് കർഷകർക്ക് ആശ്വാസം നൽകുന്നതാണ്. എന്നാൽ ഇതെല്ലാം ലോക്ക് ഡൗൺ സമയത്ത് പ്രഖ്യാപിക്കേണ്ടവയാണ്. ഉന്നത വിദ്യാഭ്യാസത്തിന് മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സാക്ഷാത്കരിച്ചാൽ അന്തരാഷ്ട്ര നിലവാരത്തിൽ നമ്മുടെ വിദ്യാഭ്യാസം ഉയർത്താൻ സാധിക്കും.
നടക്കാത്ത പദ്ധതികളാവരുത്: ജി. വിജയരാഘവൻ
മുൻ ബഡ്ജറ്റ് പോലെ ഇത്തവണയും നടക്കാത്ത പദ്ധതികളാവരുതെന്ന് ടെക്നോപാർക്ക് മുൻ സി.ഇ.ഒ ജി. വിജയരാഘവൻ പറഞ്ഞു. മുൻ വർഷത്തെ ബഡ്ജറ്റുകളിൽ വാഗ്ദാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബഡ്ജറ്റിലെ പ്രവർത്തനങ്ങൾക്ക് വരുമാനം എവിടെ നിന്നാണെന്ന് വ്യക്തതക്കുറവുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ വികസനം കൊണ്ടുവരുമെന്ന് പറയുന്നുണ്ട്. എന്നാൽ പദ്ധതികൾക്ക് കൃത്യമായ വ്യക്തതയില്ല. കിഫ്ബി വഴി വരുമാനം കിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് തിരച്ചടയ്ക്കേണ്ടിവരും. ഇപ്പോൾത്തന്നെ സംസ്ഥാനത്തിന് കടം അധികമാണ്. എങ്ങനെ തുക കണ്ടെത്തുമെന്ന് മന്ത്രി വ്യക്തമാക്കണം.