തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധ വാക്സിൻ കുത്തിവയ്പ് സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 10 ന് തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതിന് തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിക്കും. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നേരിട്ട് സംവദിക്കാനായി ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനവും ഒരുക്കി. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.
മന്ത്രിമാരുടെ മേൽനോട്ടത്തിലാണ് ജില്ലകളിലെ കുത്തിവയ്പ്. വാക്സിനേഷൻ കേന്ദ്രത്തിൽ വെയിറ്റിംഗ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയുണ്ടായിരിക്കും.
ഒരാൾക്ക് അഞ്ച് മിനിട്ട്
ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രജിസ്റ്റർ ചെയ്തവർ എവിടെ വാക്സിൻ എടുക്കാൻ പോകണമെന്ന് എസ്.എം.എസിലൂടെ അറിയിക്കും. വാക്സിൻ നൽകാൻ ഒരാൾക്ക് 5 മിനിട്ട് വരെ സമയമെടുക്കും. 30 മിനിട്ട് ഒബ്സർവേഷനിലിരിക്കണം. എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
10 ശതമാനം വേസ്റ്റേജ്
വാക്സിനേഷനിൽ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാൻ ജില്ലകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
വാക്സിനേഷന് സുരക്ഷാ മാർഗരേഖ പാലിക്കണം
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ ഒരുക്കങ്ങൾ അന്തിമമായി വിലയിരുത്താൻ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിർബന്ധമായും പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു.
വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വാക്സിൻ കുത്തിവയ്പ്പിന് വരുന്നവരും ഉദ്യോഗസ്ഥരും മറ്റുള്ളവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആൾക്കൂട്ടം പാടില്ല. വാക്സിനേഷൻ ഓഫീസർമാരേയും ആരോഗ്യ പ്രവർത്തകരേയും വാക്സിൻ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളിൽ വാക്സിനേഷൻ ബോധവത്ക്കരണ പോസ്റ്ററുകൾ സ്ഥാപിക്കണം വാക്സിനേഷൻ ബൂത്തുകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കി അണുവിമുക്തമാക്കണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിചരണം നൽകണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അപ്പപ്പോൾ പരിഹരിച്ച് വാക്സിനേഷൻ പ്രക്രിയ സുഗമമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാകളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വാക്സിനേഷൻ യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിനേഷൻ യജ്ഞം ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. 3006 കേന്ദ്രങ്ങളിലായി മൂന്നു ലക്ഷത്തോളം പേർക്ക് ഇന്ന് ആദ്യ ഡോസ് കുത്തിവയ്ക്കും.
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെകിന്റെ കൊവാക്സിനുമാണ് ഉപയോഗിക്കുന്നത്. രണ്ടു വാക്സിനുകൾക്കും പനി, തലവേദന തുടങ്ങി നേരിയ പാർശ്വഫലങ്ങളുണ്ടായേക്കാമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒരുകോടി ആരോഗ്യപ്രവർത്തകർക്കും രണ്ടുകോടി മുൻനിര പ്രവർത്തകർക്കും നൽകുന്ന ആദ്യഘട്ട വാക്സിൻ ചെലവ് കേന്ദ്രം വഹിക്കും. വാക്സിനുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.