mullappally

തിരുവനന്തപുരം: കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രമുള്ളപ്പോൾ ധനകാര്യ മന്ത്രി സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാർമികതയും തെറ്റായ നടപടിയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകൾക്കായി വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാണ് ചെയ്യേണ്ടിരുന്നത്. ഇടതു സർക്കാർ അഞ്ചു വർഷംകൊണ്ട് സമസ്തമേഖകളും തകർത്തതിന്റെ നേർചിത്രമാണ് ബഡ്ജറ്റിലുള്ളത്. നിറംപിടിപ്പിച്ച നുണകൾ നിരത്തി എൽ.ഡി.എഫിന്റെ പ്രകടന പത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള ഭാവനാപൂർണമായ ഒരു നടപടിയും ബഡ്ജറ്റിലില്ല. ധന സമാഹരണത്തെക്കുറിച്ച് ധനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടില്ല.അടുത്ത സർക്കാരിന്റെ മേൽ അധിക സാമ്പത്തികഭാരം വരുത്തുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കൊവിഡ് ആണെന്ന് സമർത്ഥിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.എന്നാൽ അതിന് മുമ്പേ പ്രതിസന്ധിയുണ്ടെന്ന് സാമ്പത്തിക സർവേ തന്നെ വ്യക്തമാക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.