ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം - കൊടിനട ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടത്താനുള്ള ഒരുക്കത്തിലാണെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. ജനുവരി അവസാനത്തോടെ സംഘാടക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു. പാരൂർക്കുഴി, പള്ളിച്ചൽ തോട് തുടങ്ങിയ പ്രധാന പാലങ്ങളുടെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. മഴ വില്ലനായതോടെ നിർമ്മാണപ്രവർത്തികൾ രണ്ടു മാസത്തോളം തടസപ്പെട്ടിരുന്നു. ദിശാ ബോർഡുകൾ, വൈദ്യൂതി തൂണുകൾ സ്ഥാപിക്കൽ, നടപ്പാതയുടെ ഇന്റർലോക്കിംഗ്, വഴിവിളക്കുകളുടെ സ്ഥാപനം എന്നിവ വേഗത്തിൽ പുരോഗമിക്കുകയാണ്. ബാലരാമപുരം മുതൽ കൊടിനട വരെ 5.5 കിലോമീറ്ററാണ് രണ്ടാം റീച്ചിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കുന്നത്.
അപകടസാദ്ധ്യതയേറിയ സ്ഥലങ്ങളിൽ മീഡിയനുകൾ സ്ഥാപിക്കുന്നത് പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാൻ യു.എൽ.സി.എസിനോടും മരാമത്ത് ഉദ്യോഗസ്ഥരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് തൊഴിലാളികളുടെ എണ്ണം കുറഞ്ഞെങ്കിലും നിലവിൽ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി അവസാനഘട്ട ജോലികളും വേഗത്തിലാക്കിയിട്ടുണ്ട്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പൂർണമായും സർക്കാർ ചെലവിലാണ് പാതയുടെ വികസനം നടപ്പാക്കുന്നത്. നിർമ്മാണപുരോഗതി വിലയിരുത്താനായി ഐ.ബി. സതീഷ് എം.എൽ.എയോടൊപ്പം ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, ഡയറക്ടർമാരായ സുരേന്ദ്രൻ, രാജൻ, എൻ.എച്ച് എക്സി. എൻജിനിയർ ഡോ.ജോധീന്ദ്രനാഥ്, പി.ഡബ്യൂ.ഡി അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത് ഓവർസീയർ ലിജി പി ഭാസ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.