തിരുവനന്തപുരം: കൊവിഡ് വാക്സിൻ കുത്തിവയ്പിന് ജില്ലയിൽ ഇന്നു തുടക്കമാകും. 11 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ് നടക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിംഗ് അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രിയിയിൽ ടൂ വേ കമ്യൂണിക്കേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുർവേദ ആശുപത്രി വർക്കല, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയാണു ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ.
ആദ്യദിനം വാക്സിൻ 100 പേർക്ക്
ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ നിന്നും 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ 9 മണി മുതൽ 5 മണിവരെയാണ് വാക്സിൻ നൽകുക. വാക്സിനേഷനായി ജില്ലാ തലത്തിൽ കളക്ടർ നേതൃത്വം നൽകുന്ന ജില്ലാ ടാക്സ് ഫോഴ്സ്, ജില്ലാ കൺട്രോൾ റൂം, ബ്ലോക്ക് തലത്തിൽ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകുന്ന ബ്ലോക്ക് ടാക്സ് ഫോഴ്സ്, ബ്ലോക്ക് കൺട്രോൾ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.