തിരുവനന്തപുരം: സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രസർക്കാർ നയങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്കിടയിലും ജനപക്ഷ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള സമീപനമാണ് ബഡ്ജറ്റ് മുന്നോട്ടുവയ്ക്കുന്നത്.
ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, സർക്കാർ സ്‌കൂളുകളിലെ പ്രീപ്രൈമറി ആയമാർ തുടങ്ങിയ വിഭാഗങ്ങളുടെ അലവൻസിലുണ്ടാക്കിയ വർദ്ധനവും ശ്രദ്ധേയമാണ്. വ്യവസായ രംഗത്ത് മുന്നേറ്റം നടത്താനുള്ള ഇച്ഛാശക്തി, കേരളത്തിന്റെ കാർഷികരംഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ, പ്രവാസി മലയാളികൾക്ക് കൈത്താങ്ങ്,
പ്രകൃതി സൗഹൃദ കെട്ടിടനിർമ്മാണ രീതി പ്രയോഗത്തിൽ വരുത്താൻ നൽകിയിട്ടുള്ള നികുതി ഇളവുകൾ എന്നിവ ശ്രദ്ധേയമാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ തസ്തിക സൃഷ്ടിച്ചതും പ്രത്യേകതയാണ്.
ബഡ്ജറ്റിലെ സാമ്പത്തിക ഞെരുക്കത്തിൽ പതറാതെ മൂലധന ചെലവുകൾക്കായി കിഫ്ബി വഴി നടത്തിയ ഇടപെടലുകൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.ഇത് മുന്നോട്ടുകൊണ്ടുപോകാനും വികസന രംഗത്ത് കൂടുതൽ കുതിപ്പ് സൃഷ്ടിക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ ബഡ്ജറ്റിലുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.