തിരുവനന്തപുരം: മുൻകാലങ്ങളിൽ പ്രശസ്ത സാഹിത്യകൃതികളിലെ വരികൾ മെമ്പോടിയാക്കി ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ള മന്ത്രി തോമസ് എെസക് ഇത്തവണ തേടിയെടുത്തത് കൊവിഡ്ക്കാലത്തെ കുട്ടികളുടെ കവിതകൾ. ബഡ്ജറ്റിന്റെ തുടക്കം മുതൽ ഒടുക്കം വരെ കുട്ടിക്കവിതകളിലൂടെയാണ് കടന്നുപോയത്.
'നേരം പുലരുകയും, സൂര്യൻ സർവതേജസോടെ ഉദിക്കുകയും" എന്ന് തുടങ്ങുന്ന പാലക്കാട്ടെ കുഴൽമന്ദം ജി.എച്ച്.എസിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെയാണ് ബഡ്ജറ്റ് അവതരണം തുടങ്ങിയത്. അതിനിടെ തന്റെ പൊട്ടിപ്പൊളിഞ്ഞ സ്‌കൂളൊന്ന് നന്നാക്കിതരണമെന്ന് സ്നേഹ മന്ത്രിയോട് അഭ്യർത്ഥിച്ചത് മറ്റൊരു വാർത്തയായി. താൻ സ്‌നേഹയുടെ സ്‌കൂളിലത്തുമെന്നും കെട്ടിടങ്ങൾ നന്നാക്കുമെന്നും മന്ത്രി എെസക് വാർത്താസമ്മേളനത്തിൽ ഉറപ്പു നൽകി.
തിരുവനന്തപുരം നിലമേൽ എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എസ്.ആർ. കാർത്തിക, വയനാട് കണിയാമ്പറ്റ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി അളകനന്ദ, കൊല്ലം അയ്യൻ കോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി കനിഹ, തിരുവനന്തപുരം സെന്റ് ജോസഫിലെ ഒമ്പതാംക്ലാസുകാരൻ എസ്. എസ്. ജാക്‌സൻ, കണ്ണൂർ മൊകേരിയിലെ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനി അരുന്ധതി ജയകുമാർ, എറണാകുളം വാളകം മാർ സെന്റ് സ്റ്റീഫൻ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി അഞ്ജനാ സന്തോഷ്, കണ്ണൂർ പാച്ചേനി ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഇനാര അലി, ഇടുക്കി എസ്.ടി. എച്ച്.എസ്.എസിലെ ആദിത്യ രവി, ഇടുക്കി കണ്ണംപടി ജി.ടി.എച്ച്.എച്ച്.എസിലെ കെ.പി.അമൽ എന്നിവരുടെ കവിതകളാണ് ബഡ്ജറ്റിനെ കാവ്യാത്മകമാക്കിയത്.
കാസർകോട് ഇരിയണ്ണി പി.എ.എൽ.പി.എസിലെ ഒന്നാം ക്ലാസുകാരൻ വി. ജീവനാണ് ബഡ്ജറ്റ് ബുക്കിന്റെ കവർ ചിത്രം വരച്ചത്. ഇടുക്കി കുടയത്തൂർ ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീനന്ദനയാണ് ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർ വരച്ചത്. ബാക്ക് കവർ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരൻ ജഹാൻ ജോബിയുടേതും.
ബഡ്ജറ്റ് ഇൻ ബ്രീഫിലെ കവർചിത്രങ്ങൾ തൃശൂർ വടക്കാഞ്ചേരി ഗവ. ഗേൾസ് എൽ.പി.എസിലെ അമൻ ഷസിയ അജയ് വരച്ചതാണ്.
തൃശൂർ എടക്കഴിയൂർ എസ്.എം.വി.എച്ച്.എസിലെ എട്ടാം ക്ലാസുകാരി കെ.എം. മർവയും യു.എ.ഇ അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ ബാക്ക് കവറിലുള്ളത്.