budget

തിരുവനന്തപുരം: കേന്ദ്രനയങ്ങളും കൊവിഡും വലച്ചതോടെ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞെന്ന് ബഡ്ജറ്റ് അനുബന്ധ പഠന റിപ്പോർട്ട്. കൊവിഡിൽ സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം 1.56 ലക്ഷം കോടി രൂപ ഇടിഞ്ഞു. നികുതി വരുമാനത്തിൽ 22,148 കോടി രൂപയും നികുതിയേതര വരുമാനത്തിൽ 5,466 കോടി രൂപയുമാണ് കുറവ്.

ജി.എസ്.ടി വരുമാനം ഏപ്രിൽ-സെപ്‌തംബറിൽ 11 ശതമാനം കൂടേണ്ടതായിരുന്നെങ്കിലും കൊവിഡ് മൂലം 37.5 ശതമാനം ഇടിഞ്ഞു. ഇത് സർക്കാർ ഖജനാവിന്റെ നട്ടെല്ലൊടിച്ചു. 28 ശതമാനം സ്ലാബിലുണ്ടായിരുന്ന വസ്തുക്കളെ കേന്ദ്രം ഒറ്റയടിക്ക് 18 ശതമാനത്തിലേക്ക് താഴ്ത്തിയതും തിരിച്ചടിയായി.13,000 കോടി രൂപയുടെ വരുമാനം ഇതുവഴി കേരളത്തിന് ഇല്ലാതായി.

കൊവിഡ് അകലുന്നതിനാൽ, സൂഷ്മ നടപടികളിലൂടെ വരുമാനം തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇത് ഫലവത്തായാൽ ജി.എസ്.ടി. നഷ്ടം 26 ശതമാനത്തിലേക്ക് കുറയ്ക്കാം. ഇതിന്റെ ഭാഗമായി ജി.എസ്.ടിയെ ടാക്‌സ്‌പെയർ സർവീസ്, ഒാഡിറ്റ്, എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് എന്നിങ്ങനെ പുനഃസംഘടിപ്പിക്കും.

നൂറുകോടിയിലധികം രൂപ വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ-ഇൻവോയ്സ് നിർബന്ധമാക്കും. ആറുകോടിയിലധികം വരുമാനമുള്ള വ്യാപാരികൾ ഒരുശതമാനം നികുതിപണമായി അടയ്ക്കണമെന്ന് ഉപാധി നിയമമൂലം നടപ്പാക്കും. വാഹനപരിശോധനയും ശക്തമാക്കും. തിരുവനന്തപുരത്ത് ജി.എസ്.ടി.അപ്പലേറ്റ് ട്രൈബ്യൂണലും കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ നികുതി കോംപ്ളകസുകളും എറണാകുളത്ത് അഡിഷണൽ കോംപ്ളക്സും തുറക്കും.

ജി.എസ്.ടി. നഷ്ടം

 കെട്ടിട നിർമ്മാണം 37%

 ആട്ടോമൊബൈൽ 51.9%

 ഇലക്ട്രിക്, ഇലക്ട്രോണിക്സ് 30.9%

 മെഡിക്കൽ ഉത്പന്നങ്ങൾ 17.9%

 ലോട്ടറി 40%

 ധനകാര്യസേവനങ്ങൾ 21.7%

 നിർമ്മാണമേഖല 44.3%

 സേവനരംഗം 58.5%

 ടെലികോം 12.5%