thomass-issac

പൂർത്തിയാക്കിയത് മൂന്ന് മണിക്കൂർ 18 മിനിട്ടിൽ

തിരുവനന്തപുരം: ബഡ്ജറ്റ് അവതരണ സമയത്തിൽ നിയമസഭയിൽ പുതിയ റെക്കാഡ് സൃഷ്ടിച്ച് മന്ത്രി തോമസ് ഐസക്. തന്റെ പന്ത്രണ്ടാമത്തെ ബഡ്ജറ്റവതരണത്തിന് തോമസ് ഐസക് എടുത്തത് മൂന്ന് മണിക്കൂർ 18 മിനിറ്റ്.

വെള്ളിയാഴ്ച ദിവസം നിയമസഭ 12.30ന് പിരിയണമെന്നിരിക്കെ, മന്ത്രിയുടെ പ്രസംഗം നീണ്ടുപോകുന്നത് കണ്ടപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ആശങ്കയായി. വെള്ളിയാഴ്ചയാണെന്ന കാര്യം 12 മണി കഴിഞ്ഞപ്പോൾ സ്പീക്കർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. ആദ്യം മന്ത്രി കേട്ടില്ല. വീണ്ടും ഓർമ്മിപ്പിക്കേണ്ടി വന്നു. പത്ത് മിനിറ്റ് കൂടിയെന്ന് പറഞ്ഞ് പ്രസംഗം തുടർന്ന മന്ത്രി നിറുത്തിയത് 12.18ന്. ബഡ്ജറ്റിലെ പല ഭാഗങ്ങളും വായിക്കാതെ ഒഴിവാക്കിയിട്ടും ഇത്രയും സമയം വേണ്ടി വന്നു.

2016ൽ ധനവകുപ്പിന്റെ അധികചുമതല കൂടി ഏറ്റെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇതിന് മുമ്പ് ഏറ്റവുമധികം സമയമെടുത്ത് ബഡ്ജറ്റ് അവതരിപ്പിച്ചത്. രണ്ട് മണിക്കൂറും 54 മിനിറ്റും. എന്നാൽ, സഭാ രേഖയനുസരിച്ച് മുൻ ധനകാര്യമന്ത്രി കെ.എം. മാണിയുടേതാണ് റെക്കാഡ് സമയം. 2013ൽ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തിയത് രണ്ട് മണിക്കൂറും 58 മിനിറ്റുമാണ്. ഇതിൽ ബഡ്ജറ്റവതരണം 2.50 മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. എട്ട് മിനിറ്റ് നേരം പി.സി. ജോർജുമായി ബന്ധപ്പെട്ട വിഷയത്തിലെ ബഹളമായിരുന്നു. 2016ലെ ഉമ്മൻ ചാണ്ടിയുടെ പ്രസംഗത്തിന്റെ സമയം സഭാരേഖകളിൽ 2.57മിനിറ്റുണ്ട്. ഇതിൽ മൂന്ന് മിനിറ്റ് ബഹളമായിരുന്നു.