athira

കല്ലമ്പലം: നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ വെന്നികോട് വലയന്റെകുഴി ശാന്താമന്ദിരത്തിൽ ഷാജിയുടെയും ശ്രീനയുടെയും മകൾ ആതിരയെയാണ് (24) ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.45ഓടെയാണ് കുളിമുറിയിൽ കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് രക്തത്തിൽ കുളിച്ച നിലയിലാണ് ബോധരഹിതയായ ആതിരയെ കണ്ടെത്തുന്നത്. ഉടൻതന്നെ വർക്കല താലൂക്കാശൂപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് പറയുന്നത് ഇങ്ങനെ: ആതിരയുടെ അമ്മയും സഹോദരനും ഇന്നലെ ഭർതൃഗൃഹത്തിൽ എത്തിയിരുന്നു. ഈ സമയം ഭർത്താവ് ശരത്ത് അച്ഛൻ പുഷ്പാംഗദനെയുംകൂട്ടി ആശുപത്രിയിൽ പോയിരുന്നു. ശരത്തിന്റെ അമ്മ ശ്യാമള സമീപത്തെ ബന്ധുവീട്ടിലുമായിരുന്നു. ഏറെനേരം കാത്തുനിന്നിട്ടും ആതിരയെ കാണാത്തതിനെ തുടർന്ന് അമ്മയും സഹോദരനും അയൽവീട്ടിൽ നിന്നു ഭർതൃ മാതാവുമൊത്ത് തെരഞ്ഞപ്പോഴാണ് ആതിരയെ കണ്ടെത്തിയത്. കുളിമുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തി താലൂക്കാശൂപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ നവംബർ 30നാണ് ശരത്തുമായി ആതിരയുടെ വിവാഹം നടന്നത്.