budget

തിരുവനന്തപുരം: അമ്പതിനായിരം കോടി മുതൽമുടക്കുള്ള മൂന്ന് വ്യവസായ ഇടനാഴികളുടെ നിർമ്മാണം ഇക്കൊല്ലം തുടങ്ങുമെന്ന് ബഡ്‌ജറ്റ് പ്രഖ്യാപനം. കൊച്ചി- പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ പതിനായിരം കോടിരൂപ നിക്ഷേപവും 22,000 പേർക്ക് നേരിട്ട് തൊഴിലും ലഭിക്കും. പാലക്കാട്ടും കൊച്ചിയിലും 2321ഏക്കർ സ്ഥലം ഏറ്റെടുക്കും. കിഫ്ബിയിൽ നിന്നാണ് പണം.

മലബാറിന്റെ വികസനത്തിനായി കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കും. കണ്ണൂർ വിമാനത്താവളത്തിനടുത്ത് അയ്യായിരം ഏക്കർ ഭൂമിയേറ്റെടുക്കാൻ കിഫ്ബി 12,000 കോടിരൂപ അനുവദിച്ചു. തലസ്ഥാന നഗരവികസന പദ്ധതിയുടെ ഭാഗമായി പതിനായിരം ഏക്കറിൽ ടൗൺഷിപ്പുകൾ. 25,000 കോടിരൂപ നിക്ഷേപവും രണ്ടരലക്ഷം തൊഴിലുമുണ്ടാവും.

 ടയർ അടക്കമുള്ള റബർ അധിഷ്‌ഠിത വ്യവസായങ്ങളുടെ ഹബ് സ്ഥാപിക്കാൻ 26 ശതമാനം സർക്കാർ ഓഹരിയോടെ കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. അമുൽ മോഡലിലാവും പ്രവർത്തനം. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചമുള്ള സ്ഥലത്താണ് പ്രവർത്തനം.

 പാലക്കാട്ടെ സംയോജിത റൈസ് ടെക്നോളജി പാർക്കിന് ഇരുപത് കോടി രൂപ. വയനാട്ടിൽ കാർബൺ ന്യൂട്രൽ കോഫി പാർക്ക് നിർമ്മിക്കും.

 പൊതുമേഖലാ സ്ഥാപനങ്ങളുടെ സാങ്കേതിക നവീകരണത്തിനും ഉത്പന്ന വൈവിദ്ധ്യവത്കരണത്തിനുമായി 250 കോടി രൂപ.

 ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ ആദ്യ പത്ത് സ്ഥാനത്തേക്കെത്താൻ പരിശ്രമിക്കുന്നു. ഒരിടത്ത് അപേക്ഷ നൽകിയാൽ എല്ലാ അനുമതിയും ലഭിക്കുന്ന തരത്തിൽ നടപടിക്രമങ്ങൾ ലഘുവാക്കും.