
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷമായി നടത്തുന്ന ആവർത്തന പ്രഖ്യാപനങ്ങൾ മാത്രമാണ് ഇത്തവണത്തെ ബഡ്‌ജറ്റിലും തിരുവനന്തപുരത്തിനായി മന്ത്രി തോമസ് ഐസക് നൽകിയിരിക്കുന്നതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരമൊഴിഞ്ഞതിനുശേഷം തിരുവനന്തപുരത്തിന് എന്തുമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാം. 2017-18 ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്ന അട്ടക്കുളങ്ങര ഫ്ലൈഓവർ നിർമ്മാണത്തിനും, ശംഖുംമുഖം - വേളിറോഡ് വികസനത്തിനും പ്രാരംഭ നടപടികളായില്ല. കേന്ദ്ര സർക്കാരിന്റെയും മെഡിക്കൽ കൗൺസിലിന്റെയും അംഗീകാരം ലഭിച്ച തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കോളേജിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. വലിയതുറ, പൂന്തുറ മത്സ്യബന്ധന തുറമുഖ പദ്ധതികൾക്ക് തുക അനുവദിക്കാതെ തീരദേശത്തെ അവഗണിച്ചു. ശംഖുംമുഖം റോഡിന്റെ പുനർ നിർമ്മാണം, വഴുതക്കാട് - ജഗതിറോഡ് വികസനം, കൈതമുക്ക് – ചമ്പക്കട റോഡ് വികസനം, ജഗതി, വഴുതക്കാട് ഫ്ളൈഓവറുകൾ, ആമയിഴഞ്ചാൻ തോട് നവീകരണം എന്നിവയ്‌ക്കൊന്നും തുക അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.