തിരുവനന്തപുരം:ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ബീമാപള്ളി ഉറൂസിന് കൊടിയേറി. ഇന്നലെ രാവിലെ 11ന് ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എ.മാഹീൻ പ്രത്യേകം തയ്യാറാക്കിയ പള്ളി മിനാരത്തിലെ കൊടിമരത്തിൽ ഉറൂസ് പതാക ഉയർത്തിയതോടെയാണ് പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉറൂസ് മഹാമഹത്തിന് തുടക്കമായത്. രാവിലെ എട്ടിന് ബീമാപള്ളി ഇമാം സബീർ സഖാഫിയുടെ നേതൃത്വത്തിൽ പ്രാരംഭ പ്രാർത്ഥനയോടെ തുടങ്ങിയ പട്ടണ പ്രദക്ഷിണം ജോനക, പൂന്തുറ, മാണിക്യവിളാകം,പത്തേക്കർ വഴി ജമാഅത്ത് അങ്കണത്തിൽ എത്തിച്ചേർന്നതോടെ മുൻ ചീഫ് ഇമാം ഹസൻ അഷ്‌റഫിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടന്നു. തുടർന്ന് ദർഗാഷെരിഫിൽ നിന്നും പുറത്തേക്ക് എടുത്ത പതാക ജമാഅത്ത് പ്രസിഡന്റ് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ കൊടിമരത്തിലേക്ക് ഉയർത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുടുംബത്തോടൊപ്പം പള്ളിയിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. പട്ട് സമർപ്പിച്ചതിന് ശേഷമാണ് ഗവർണർ മടങ്ങിയത്.
മേയർ ആര്യ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ.രാജു, വി.എസ്.ശിവകുമാർ എം.എൽ.എ, മുൻ എം.എൽ.എമാരായ ആന്റണി രാജു, സുരേന്ദ്രൻ പിളള, ജമാഅത്ത് ജനറൽ സെക്രട്ടറി ഹാസിൽ, വാർഡ് കൗൺസിലർമാരായ ജെ.സുധീർ, എസ്.എം.ബഷീർ, എസ്.സലീം, മിലാനി പെരേര, മേരി ജിപ്സി, നിസാമുദീൻ, ജമാത്ത് കമ്മിറ്റി ഭാരവാഹികളായ ഷാജഹാൻ,അബ്ദുൾ റഹുമാൻ, ജാഫർ,നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. 24 വരെ എല്ലാ ദിവസവും രാത്രി പത്തിന് പണ്ഡിതൻമാരുടെ നേതൃത്വത്തിൽ മതപ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. മുനാജാത്ത്, മൗലൂദ് പാരായണം, റാത്തിബ് തുടങ്ങിയ പരിപാടികളും നടക്കും. ഇന്ന് ഹാഫിസ് അഹമ്മദ് കബീർ ബാഖവി പ്രഭാഷണം നടത്തും. ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി കാമറകളാണ് ബീമാപള്ളിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനായി പള്ളി കോമ്പൗണ്ടിന് മുൻവശത്തായി പൊലീസിന്റെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഉത്സവദിനങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബീമാപള്ളിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളുണ്ടാകും.